സീരിയൽ പ്രചോദനമായി: കമിതാക്കൾ കുഞ്ഞിനെ തട്ടിയെടുത്തു



ജയ്പൂർ : ടിവി സീരിയലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എഞ്ചിനിയറിങ് വിദ്യാർഥികളായ കമിതാക്കൾ ബന്ധുവിൻെറ കുഞ്ഞിനെ തട്ടിയെടുത്തത്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയാൽ കുഞ്ഞിനെ വിട്ടുകൊടുക്കാമെന്നും അവർ കുഞ്ഞിൻെറ രക്ഷിതാക്കളെ അറിയിച്ചു.

ജയ്പൂരിലെ മാനസരോവർ കോളനിയിലെ പർണിഷ എന്ന 22 വയസുകാരിയാണ് കാമുകൻ മയങ്ക് മെഹ്ത്തയുമായി ചേർന്ന് ബന്ധുവിൻെറ നാലുവയസുകാരനായ കുഞ്ഞിനെ തട്ടിയെടുത്തത്. ഇവരെ സഹായിക്കാൻ മെഹ്ത്തയുടെ സുഹൃത്തായ മയങ്ക് സിന്ധാളുമുണ്ടായിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിസിപി സമീർ കുമാർ സിങ് പറയുന്നു.

മോട്ടോർ സൈക്കിളിൽ കറങ്ങാൻ കൊണ്ടുപോകാം എന്നു പറഞ്ഞു കൊതുപ്പിച്ചാണ് പർണിഷ കുഞ്ഞിനെ വീടിനു വെളിയിൽ കൊണ്ടുവന്നത്. കുഞ്ഞിനെയും കൊണ്ട് പർണിഷ വെളിയിലിറങ്ങുന്നതും കാത്തു നിന്ന മെഹ്ത്തയും സുഹൃത്തും ഈ അവസരം മുതലാക്കി കുഞ്ഞിനെ തട്ടിയെടുത്തു. കുഞ്ഞിനെ കാണാതായതിനെത്തുടർന്നു അന്വേഷണം നടക്കുന്നതിനിടെയിലാണ് കുഞ്ഞിൻെറ അച്ഛൻ റിതേഷിനെത്തേടി ആ ഫോൺ കോൾ എത്തിയത്.

50 ലക്ഷം രൂപ നൽകിയാൽ കുഞ്ഞിനെ തിരികെ തരാം എന്നായിരുന്നു ആ ഫോൺ സന്ദേശം. റിതേഷ് വേഗം തന്നെ പൊലീസുമായി ബന്ധപ്പെട്ട് മകനെ കാണാതായ വിവരവും തുടർന്ന് ലഭിച്ച ഫോൺസന്ദേശത്തിൻെറ കാര്യവും അറിയിച്ചു. നാലുപൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ അന്വേഷണ സംഘത്തിൻെറ ഊർജ്ജസ്വലമായ പ്രവർത്തനം കൊണ്ട് നാലുമണിക്കൂറിനുള്ളിൽ കുട്ടിയെ വീണ്ടെടുക്കാൻ സാധിച്ചു.

പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആഡംബര ജീവിതം ലക്ഷ്യമിട്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതികൾ സമ്മതിച്ചത്. മോചനദ്രവ്യമായി കിട്ടുന്ന തുക ചിലവഴിച്ച് ശിഷ്ടകാലം സന്തോഷമായി ജീവിക്കുവാനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും. ഒരു ക്രൈം സീരിയലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും പ്രതികൾ പറയുന്നു.

ബിസിനസുകാരനായ റിതേഷിന് ഈ അടുത്ത് നല്ലൊരു തുക ലാഭം കിട്ടിയെന്നും ഇതറിഞ്ഞ ശേഷമാണ് അദ്ദേഹത്തിൻെറ കുഞ്ഞിനെ തട്ടിയെടുക്കാൻ പർണിഷ പദ്ധതിയിട്ടതെന്നുമാണ് പൊലീസിൻെറ വിശദീകരണം. ഇവരുടെ സുഹൃത്തായ ഭരത് ആണ് തട്ടിക്കൊണ്ടു പോകലിൻെറ മാസ്റ്റർ പ്ലാനെന്നും അയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗ്ഥർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed