ഇറാനെതിരെ വിപുലമായ സൈനിക നീക്കത്തിന് അമേരിക്കൻ പദ്ധതിയെന്ന് റിപ്പോർട്ട്; ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ആക്രമണം
ശാരിക
വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്തിമ ഉത്തരവ് ലഭിച്ചാൽ വെറും 96 മണിക്കൂറിനുള്ളിൽ ശക്തമായ സൈനിക ആക്രമണം ആരംഭിക്കാൻ തക്കവണ്ണം പശ്ചിമേഷ്യയിൽ യു.എസ് സേനയെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ വ്യക്തമാക്കുന്നു. ഇറാന്റെ റഡാറുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മാത്രം ലക്ഷ്യമിടുന്ന പരിമിതമായ ആക്രമണങ്ങൾക്ക് പകരം, സൈനിക കേന്ദ്രങ്ങൾ, ഊർജ്ജ മേഖലകൾ, ആണവകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള വിപുലമായ ലക്ഷ്യപ്പട്ടിക തന്നെ പെന്റഗണും യു.എസ് സെൻട്രൽ കമാൻഡും തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും ആക്രമണത്തിനുള്ള തീരുമാനമുണ്ടാവുക എന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലെങ്കിലും ട്രംപ് ഇതുവരെ ഔദ്യോഗികമായി ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ല. അതേസമയം ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അമേരിക്കയുടെ നേരിട്ടുള്ള പിന്തുണയോടെയുള്ള സംയുക്ത നീക്കത്തിനാണ് അവർ കാത്തിരിക്കുന്നത്. എന്നാൽ അമേരിക്കയോ ഇസ്രായേലോ ആക്രമണം അഴിച്ചുവിട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെയും പുറത്തുള്ള ലക്ഷ്യങ്ങൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാന് പുറമെ ഹൂതി വിമതരും ഈ തിരിച്ചടിയിൽ പങ്കാളികളായേക്കും.
മേഖലയിൽ സുരക്ഷാഭീഷണി വർധിച്ച സാഹചര്യത്തിൽ യു.എസ് നയതന്ത്രകാര്യാലയങ്ങളിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ സാധ്യതയുണ്ട്. സൗദി അറേബ്യയിലെ റിയാദിലുള്ള എംബസി ജീവനക്കാർക്ക് നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ഹോർമുസ് കടലിടുക്ക് സന്ദർശിച്ച് മേഖലയിലെ കപ്പൽഗതാഗത സുരക്ഷ വിലയിരുത്തി. ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധ നടപടികളും അന്താരാഷ്ട്ര കപ്പൽപാതകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളും അമേരിക്ക സജീവമായി തുടരുകയാണ്.
േ്ിേ്ി

