ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് സമ്മാനത്തുക ഉയർത്തി കർണാടക; സ്വർണ മെഡലിന് ഒരു കോടി
ശാരിക
ബംഗളൂരു: 2026 ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനത്തെ കായിക താരങ്ങൾക്കുള്ള പാരിതോഷികം കുത്തനെ ഉയർത്തി കർണാടക സർക്കാർ. സ്വർണ മെഡൽ ജേതാക്കൾക്ക് ഇനി മുതൽ ഒരു കോടി രൂപ വീതം ലഭിക്കും. ഇതിന് പുറമെ സർക്കാർ ജോലിയിൽ രണ്ട് ശതമാനം കായിക സംവരണം ഏർപ്പെടുത്താനും തീരുമാനമായി. വിധാനസൗധയിൽ കായിക താരങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. മെഡൽ ജേതാക്കൾക്കും മറ്റ് താരങ്ങൾക്കുമായി ആകെ എട്ടു കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് പാരിതോഷിക തുകയിൽ മൂന്നിരട്ടിയോളം വർധനവാണുണ്ടായിരിക്കുന്നത്. നേരത്തെ 35 ലക്ഷം രൂപയായിരുന്നു സ്വർണ മെഡൽ ജേതാക്കൾക്ക് നൽകിയിരുന്നത്. വെള്ളി മെഡൽ നേടിയവർക്കുള്ള തുക 25 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായും, വെങ്കല മെഡൽ ജേതാക്കൾക്കുള്ള തുക 15 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായും വർധിപ്പിച്ചു. മെഡൽ നേടിയവർക്ക് മാത്രമല്ല, ഗെയിംസിൽ കർണാടകയെ പ്രതിനിധീകരിച്ച മുഴുവൻ താരങ്ങൾക്കും സർക്കാർ പ്രോത്സാഹന സമ്മാനം നൽകും. മത്സരത്തിൽ പങ്കെടുത്ത 20 കായിക താരങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഉപമുഖ്യമന്ത്രിയും കായിക മന്ത്രിയുമായ ജി. പരമേശ്വര പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ യോഗ്യത നേടുന്നത് തന്നെ വലിയ നേട്ടമാണെന്നും, അതിനാൽ മെഡൽ ജേതാക്കളെ മാത്രമല്ല എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക താരങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഗ്രൂപ്പ് എ മുതൽ ഗ്രൂപ്പ് ഡി വരെയുള്ള തസ്തികകളിൽ അവർക്ക് രണ്ട് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്നിന് ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനുപുറമെ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വഴി ഗ്രൂപ്പ് ബി തസ്തികകളിൽ നേരിട്ട് നിയമനം നൽകുമെന്നും കായിക മന്ത്രി വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് മലയാളി കൂടിയായ കായിക താരം എം.ആർ പൂവമ്മ അടുത്തിടെ പരസ്യമായി പ്രതികരിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ താരങ്ങൾക്ക് കോടികൾ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ കർണാടക സർക്കാർ ഒരു ഫോൺ കോൾ പോലുമോ അഭിനന്ദന സന്ദേശമോ നൽകിയില്ലെന്നായിരുന്നു പൂവമ്മയുടെ വിമർശനം. വെറും 35 ലക്ഷം രൂപ വെച്ച് ഒരു കായിക താരത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അവർ തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വനിതാ ക്രിക്കറ്റ് താരം ശ്രേയങ്ക ആർ. പാട്ടീൽ, അത്‌ലറ്റുകളായ എം.ആർ പൂവമ്മ, സ്നേഹ എസ്.എസ്, ഷൂട്ടർ തിലോത്തമ സെൻ, ബാഡ്മിന്റൺ താരം ആയുഷ് ആർ ഷെട്ടി, ഗോൾഫ് താരങ്ങളായ അദിതി അശോക്, പ്രണവി എസ് ഉർസ്, ഹോക്കി താരം മോഹിത് എച്ച്.എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, വരാനിരിക്കുന്ന ഒളിമ്പിക്‌സ് മുന്നൊരുക്കങ്ങൾക്കായി പൂവമ്മ, സ്നേഹ, ശ്രേയങ്ക എന്നിവരെയും, കോമൺവെൽത്ത് മെഡൽ ജേതാവ് ശിൽപ കെ.എസ്സിനെയും സർക്കാരിന്റെ 'ഗുരി ഒളിമ്പിക്‌സ്' (2026-27) പദ്ധതിയിൽ ഉൾപ്പെടുത്തി. ഇവർക്ക് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും.
esf

