വ്യക്തിത്വ അവകാശ സംരക്ഷണം തേടി കങ്കണ റണാവത്ത് ഡൽഹി ഹൈകോടതിയിൽ


ശാരിക

ന്യൂഡൽഹി: തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ സംരക്ഷണം തേടി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഡൽഹി ഹൈകോടതിയെ സമീപിച്ചു. തന്റെ വ്യക്തിത്വത്തിനും പ്രശസ്തിക്കുമുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കങ്കണ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് വികാസ് മഹാജൻ വ്യാഴാഴ്ച ഹർജി പരിഗണിക്കും. തന്റെ അനുമതിയില്ലാതെ തന്റെ പേര്, ചിത്രം, ശബ്ദം, ഒപ്പ് തുടങ്ങിയ വ്യക്തിപരമായ ഘടകങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കങ്കണയുടെ പരാതി.

തന്റെ പേര് ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും, എഐ ഉപയോഗിച്ച് ശബ്ദം പകർത്തുന്നതും, ചിത്രങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതും തടയണമെന്നാണ് അവർ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ കങ്കണയുടെ പേരിൽ പ്രചരിക്കുന്നതിൽ പലതും യഥാർത്ഥമല്ല. എ.ഐ വോയ്‌സ് ക്ലോണിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കങ്കണ പാടിയിട്ടില്ലാത്ത പാട്ടുകൾ വരെ പുറത്തിറങ്ങുന്നുണ്ട്. അവരുടെ മുഖം മറ്റൊരാളുടെ ദേഹത്ത് വെച്ച് നിർമിക്കുന്ന ഡീപ്‌ഫേക്ക് വിഡിയോകൾ, വ്യാജ അഭിമുഖങ്ങൾ, രാഷ്ട്രീയ പ്രസ്താവനകൾ എന്നിവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു സാധാരണ ഫോട്ടോയിൽ നിന്ന് പോലും താരങ്ങളുടെ ശബ്ദവും മുഖഭാവവും അതേപടി പകർത്താൻ ഇപ്പോൾ എ.ഐക്ക് കഴിയും. ഇത് ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം വരെ നിർമിക്കപ്പെടുന്നുണ്ടെന്നാണ് താരങ്ങൾ കോടതിയിൽ ചൂണ്ടിക്കാട്ടുന്നത്.

ഡൽഹി ഹൈകോടതി ഇത്തരം കേസുകളിൽ മുൻപ് പലർക്കും സംരക്ഷണം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെയും ഹരജി വരുന്നത്. അമിതാഭ് ബച്ചന്റെ പേര്, ചിത്രം, ശബ്ദം, രൂപം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി നേരത്തെ വിലക്കിയിരുന്നു. അനിൽ കപൂറിന്റെ പേര്, ചിത്രം, അദ്ദേഹത്തിന്റെ തനതായ ശൈലികളും ഡയലോഗുകളും പോലും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതേപോലെ രജനീകാന്ത്, ജാക്കി ഷ്രോഫ്, ഗായകരായ അരിജിത് സിങ്, സോനു നിഗം തുടങ്ങിയവർക്കും കോടതി സമാനമായ സംരക്ഷണം നൽകിയിട്ടുണ്ട്. ഒരു വ്യക്തിയുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങൾ അയാളുടെ അനുമതിയില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് പേഴ്സണാലിറ്റി റൈറ്റ്സ്.

പൊതുപ്രവർത്തകരെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും ഇതിൽ ഉൾപ്പെടില്ല. എന്നാൽ അവരുടെ പേരും പ്രശസ്തിയും ഉപയോഗിച്ച് പണം സമ്പാദിക്കുന്നത് നിയമപരമായി തടയാൻ ഈ അവകാശം ഉപയോഗിക്കാം. പൊതുവായ ചർച്ചയും റിപ്പോർട്ടിംഗും, വാണിജ്യ ചൂഷണവും തമ്മിൽ കോടതികൾ വ്യക്തമായ വേർതിരിവ് വരുത്താറുണ്ട്. കങ്കണയുടെ ഹരജിയിൽ കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed