പാക് ചാരശൃംഖലയ്‌ക്കെതിരെ 'ഓപ്പറേഷൻ ഫയർവാൾ-2026'; നാവികസേനാംഗങ്ങൾ ഉൾപ്പെടെ പിടിയിൽ


ഷീബ വിജയൻ

അമരാവതി: പാകിസ്താൻ ബന്ധമുള്ള ചാരശൃംഖലയ്‌ക്കെതിരെ രാജ്യവ്യാപകമായി കൗണ്ടർ ഇന്റലിജൻസ് നടപടി ആരംഭിച്ചു. ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടത്തുന്ന അന്വേഷണത്തിൽ 13 നാവികസേനാംഗങ്ങൾ അടക്കം 18 പേരെ കർശന നിരീക്ഷണത്തിലാക്കി. പാക് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധം പുലർത്തുന്നവരെ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് സ്റ്റേറ്റ് കൗണ്ടർ ഇന്റലിജൻസ് 'ഓപ്പറേഷൻ ഫയർവാൾ-2026' എന്ന പേരിൽ പ്രത്യേക ദൗത്യത്തിന് തുടക്കം കുറിച്ചു. കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 12 അന്വേഷണ സംഘങ്ങൾ ഒരേസമയം റെയ്ഡുകൾ നടത്തിവരികയാണ്.

വിശാഖപട്ടണത്തെ നാവിക കേന്ദ്രത്തിന്റെയും പ്രതിരോധ സ്ഥാപനങ്ങളുടെയും രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി സംശയമുണ്ട്. റെയ്ഡുകളിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിശാഖപട്ടണത്ത് നാവികസേനയിലെ സിവിലിയൻ കോൺട്രാക്ട് ഡ്രൈവറായ അണ്ണം സായ് വരപ്രസാദ്, കോയമ്പത്തൂരിൽ പരിശീലനത്തിലായിരുന്ന 31-കാരനായ നാവികൻ പ്രദീപ് മുഖർജി എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രദീപ് മുഖർജി ഹണിട്രാപ്പിൽ കുടുങ്ങിയാണ് സമുദ്രമേഖലയിലെ രഹസ്യ വിവരങ്ങൾ കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇരുവരെയും ഒക്ടോബർ 14 വരെ റിമാൻഡ് ചെയ്തു. ബാക്കിയുള്ള 16 പേർക്കെതിരെയുള്ള ഡിജിറ്റൽ, സാമ്പത്തിക ഇടപാടുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്.

article-image

sddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed