ഗ്യാനേഷ് കുമാറിന്റെ രാജി ആശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ
ശാരിക
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണണമെന്നും നിലവിലെ സർക്കാരിൽ തങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയ്‌ക്കെതിരെയും സിഇസി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധ മാർച്ച്.
ആകാശവാണി ഭവനുമുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച നേതാക്കളെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടയുകയായിരുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും ബാരിക്കേഡിന് മുകളിൽ കയറിയും പ്രതിഷേധം ശക്തമാക്കി. പ്രിയങ്ക ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ബസിലേക്ക് മാറ്റിയെങ്കിലും അവർ അതിൽ നിന്ന് ഇറങ്ങി രാഹുൽ ഗാന്ധിക്കൊപ്പം ആകാശവാണി ഗേറ്റിന് മുന്നിലെത്തി. പിന്നീട് പോലീസ് തടസ്സം മറികടന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ എന്നിവർ ആകാശവാണി ഭവനിലേക്ക് പ്രവേശിച്ച് മരത്തണലിൽ ഇരുന്ന് പ്രതിഷേധം തുടർന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്ത മുഴുവൻ നേതാക്കളെയും കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി കോൺഗ്രസ് നേതാവ് പവൻ ഖേര അറിയിച്ചു.
asdasd

