റഷ്യൻ മണ്ണിലേക്ക് 70,000 ഇന്ത്യാക്കാർ: വൻ തൊഴിലവസരങ്ങളുമായി വിദേശകാര്യ മന്ത്രാലയം


ഷീബ വിജയൻ


ന്യൂഡൽഹി: ഇന്ത്യ റഷ്യ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഏകദേശം 70,000 ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെ റഷ്യ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. നിർമാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും ഇന്ത്യൻ തൊഴിലാളികൾക്ക് അവസരമൊരുങ്ങുക. റഷ്യയുമായുള്ള ബന്ധം സംബന്ധിച്ച് പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. റഷ്യയിൽ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ കൂടുതലായി റിക്രൂട്ട് ചെയ്യാനുള്ള നീക്കം.

നിർമാണ, ലോജിസ്റ്റിക്സ് മേഖലകൾക്ക് പുറമെ മറ്റ് മേഖലകളിലും ഇന്ത്യൻ തൊഴിലാളികൾക്ക് അവസരങ്ങൾ വർധിക്കും. ഇന്ത്യ റഷ്യ വ്യാപാരബന്ധം കൂടുതൽ സന്തുലിതമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യമെന്ന് ജയശങ്കർ യോഗത്തിൽ വ്യക്തമാക്കി. റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, കെമിക്കൽസ്, ടെക്സ്റ്റൈൽസ് എന്നീ ഏഴ് മേഖലകൾക്ക് പ്രാധാന്യം നൽകും. വ്യാപാരം, നിക്ഷേപം, ഊർജം, കണക്റ്റിവിറ്റി, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലാണ് ഇന്ത്യ റഷ്യ സഹകരണം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സംഭാഷണത്തിനും നയതന്ത്രത്തിനും ഇന്ത്യ സജീവ പിന്തുണ നൽകുന്നുണ്ടെന്നും ജയശങ്കർ യോഗത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ആഗസ്റ്റ് 31ന് ബിഷ്കെക്കിൽ നടത്തിയ കൂടിക്കാഴ്ചയും ചർച്ചയിൽ പരാമർശിച്ചു. യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണെന്ന നിലപാടാണ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനായുള്ള ശ്രമങ്ങളും ഇന്ത്യ തുടരുകയാണ്. ഏകദേശം 140 ഇന്ത്യൻ പൗരന്മാർ ഇതിനകം റഷ്യൻ സൈനിക സേവനത്തിൽനിന്ന് വിട്ടയക്കപ്പെട്ടതായും 55 പേരുടെ കാര്യത്തിൽ റഷ്യൻ അധികൃതരുമായി ഇന്ത്യ ബന്ധപ്പെടുന്നതായും യോഗത്തിൽ അറിയിച്ചു.

article-image

ddfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed