മഴക്കാലത്തെ നേരിടാൻ സജ്ജമായി ബഹ്‌റൈൻ; മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി ബഹ്റൈൻ മന്ത്രാലയങ്ങൾ
പ്രദീപ് പുറവങ്കര
വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാനായി മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കി ബഹ്‌റൈൻ. മുൻസിപ്പാലിറ്റീസ് കാര്യ കർഷക മന്ത്രാലയവും പൊതുമരാമത്ത് മന്ത്രാലയവും ക്യാപിറ്റൽ ഗവർണറേറ്റ് കൗൺസിലുമായും വിവിധ നഗരസഭാ കൗൺസിലുകളുമായും ഏകോപിച്ചാണ് മഴവെള്ളക്കെട്ട് ഒഴിവാക്കാനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
മുൻസിപ്പാലിറ്റീസ് കാര്യ കർഷക മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് എന്നിവർ തയാറെടുപ്പുകൾ സംയുക്തമായി വിലയിരുത്തി. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ, ആവശ്യമായ ഉപകരണങ്ങളുടെ വിന്യാസം, പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും അടിയന്തര സന്ദേശങ്ങളും കൈകാര്യം ചെയ്യാനുള്ള ഏകോപന സംവിധാനങ്ങൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.
തലസ്ഥാന നഗരസഭയ്ക്ക് പുറമെ മുഹറഖ്, നോർത്തേൺ, സതേൺ എന്നീ മൂന്ന് മുൻസിപ്പാലിറ്റികളെയും ഉൾപ്പെടുത്തി അടിയന്തര പ്രതികരണ സംഘ രൂപീകരണം പൂർത്തിയായതായി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലെ ആവശ്യകത പരിശോധിക്കാനും വെള്ളം പമ്പ് ചെയ്തു കളയുന്നതിനുള്ള വാട്ടർ സക്ഷൻ വാഹനങ്ങളും മറ്റ് സജ്ജീകരണങ്ങളും തടസ്സമില്ലാതെ വിന്യസിക്കാനും സംഘം സ്ഥലപരിശോധന നടത്തിവരികയാണ്.
രാജ്യത്തുടനീളമുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയും അറ്റകുറ്റപ്പണികളും ശുചീകരണവും പൂർത്തിയാക്കുകയും ചെയ്തതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാൻ പമ്പുകളും ടാങ്കറുകളും എമർജൻസി ടീമുകളും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
adfdsdfssda

