നാല് പതിറ്റാണ്ട് നീണ്ട ബോഫോഴ്സ് കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡല്‍ഹി: നാല് പതിറ്റാണ്ടായി രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് അഴിമതിക്കേസിന് സുപ്രീംകോടതി പൂര്‍ണ വിരാമമിട്ടു. ഹിന്ദുജ സഹോദരന്മാര്‍ക്കും സ്വീഡിഷ് ആയുധ നിര്‍മ്മാണ കമ്പനിയായ എബി ബോഫോഴ്സിനും എതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ 2005ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ നിലവിലുണ്ടായിരുന്ന അവസാന അപ്പീലും പരമോന്നത കോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകനായ അജയ് കെ. അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.
ഹര്‍ജിയില്‍ എതിര്‍കക്ഷികളായിരുന്ന ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ എന്നിവരുടെ മരണം കണക്കിലെടുത്ത് അവരുടെ പേരുകള്‍ ഒഴിവാക്കുന്നതിനായി നാലാഴ്ചത്തെ സമയം അജയ് അഗര്‍വാള്‍ ചോദിച്ചെങ്കിലും കോടതി അത് നിരസിച്ചു. 2005ല്‍ ഡല്‍ഹി ഹൈക്കോടതി എല്ലാ നടപടികളും റദ്ദാക്കിയ കേസാണിതെന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇനി ഇതില്‍ എന്താണ് ബാക്കിയുള്ളതെന്നും ബെഞ്ച് ചോദിച്ചു. 2018 മുതല്‍ കെട്ടിക്കിടക്കുന്ന കേസില്‍ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
1986ല്‍ ഇന്ത്യന്‍ സര്‍ക്കാരും സ്വീഡനിലെ എബി ബോഫോഴ്സ് കമ്പനിയും തമ്മില്‍ 1,437 കോടി രൂപയുടെ ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങുന്നതിനായി ഒപ്പുവെച്ച കരാറാണ് കേസിനാസ്പദം. കരാര്‍ ഉറപ്പാക്കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും ഇടനിലക്കാര്‍ക്കും കോടികള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം വലിയ വിവാദമായി. അഴിമതി ആരോപണം അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെ ഉലയ്ക്കുകയും 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമാവുകയും ചെയ്തിരുന്നു.
2005 മേയ് 31ന് ഡല്‍ഹി ഹൈക്കോടതി ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്ചന്ദ് എന്നിവരെയും ബോഫോഴ്സ് കമ്പനിയെയും കേസില്‍ നിന്ന് കുറ്റമുക്തരാക്കി. കേസില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ 2018ല്‍ സിബിഐ സമര്‍പ്പിച്ച അപ്പീല്‍, 4,522 ദിവസത്തെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അജയ് അഗര്‍വാള്‍ നല്‍കിയ സ്വകാര്യ അപ്പീല്‍ മാത്രം നിലനിന്നത്. അവസാന അപ്പീലും തള്ളിയതോടെ ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും പൂര്‍ണമായി അവസാനിച്ചു.
adsadsadsds

