ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ യാഥാർഥ്യത്തിലേക്ക്; ബംഗളൂരുവിനെ ഹൈദരാബാദുമായും ചെന്നൈയുമായും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴികൾക്ക് കർണാടക സർക്കാരിന്റെ അനുമതി
ശാരിക l ദേശീയം
ബംഗളൂരു: ബംഗളൂരുവിനെ ഹൈദരാബാദ്, ചെന്നൈ എന്നിവയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട അതിവേഗ റെയിൽ ഇടനാഴികൾക്ക് കർണാടക സർക്കാർ പ്രാരംഭാനുമതി നൽകി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇതോടെ യഥാര്‍ഥ്യമാകും. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ വ്യാവസായിക വളർച്ച, റിയൽ എസ്റ്റേറ്റ് വികസനം, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ വർധിപ്പിക്കുന്നതിനൊപ്പം പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറക്കാനും റെയിൽ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതിവേഗ ട്രെയിനുകൾ മണിക്കൂറിൽ 320 മുതൽ 350 കിലോമീറ്റർ വരെ വേഗത്തിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈദരബാദ്-ബംഗളൂരു അതിവേഗ റെയിൽ ഇടനാഴി തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 607 കിലോമീറ്റർ നിർദിഷ്ട പാതയിലൂടെ നിർമിക്കും. മൊത്തം അലൈൻമെന്‍റില്‍ ഏകദേശം 101 കിലോമീറ്റർ തുമകുരു, ചിക്കബല്ലാപുർ, ബംഗളൂരു റൂറൽ ജില്ലകളുടെ ചില ഭാഗങ്ങൾ എന്നിവയിലൂടെ കടന്നുപോകും.
ഹൈദരാബാദിനും ബംഗളൂരുവിനും ഇടയിൽ സഞ്ചരിക്കാൻ എക്സ്പ്രസ് ട്രെയിനുകൾ ഏകദേശം എട്ടു മുതൽ 12 മണിക്കൂർ വരെ എടുക്കുന്ന സ്ഥാനത്ത് ബുള്ളറ്റ് ട്രെയിൻ ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ യാത്രാ സമയം ഏകദേശം രണ്ടു മണിക്കൂർ 10 മിനിറ്റായി കുറയും. രണ്ടാമത്തെ നിർദിഷ്ട ഇടനാഴി മൈസൂരു, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളെ 435 മുതൽ 463 കിലോമീറ്റർ വരെ നീളുന്ന അതിവേഗ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കും. ചെന്നൈ-ബംഗളൂരു ഭാഗം മാത്രം ഏകദേശം 306 കിലോമീറ്റർ ദൂരമാണ്.
നിലവിൽ ബംഗളൂരുവിനും ചെന്നൈക്കും ഇടയിലുള്ള യാത്ര സമയം ഏകദേശം അഞ്ചു മുതൽ ഏഴു മണിക്കൂർ വരെ എടുക്കും. നിർദ്ദിഷ്ട അതിവേഗ റെയിൽ സംവിധാനത്തിലൂടെ വെറും ഒരുമണിക്കൂർ 15 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ കഴിയും. കോലാർ ജില്ലയിലെ കെ.ജി.എഫ്, ഹോസ്‌കോട്ടിലെ കോഡിഹള്ളി, വൈറ്റ്ഫീൽഡ്, ബൈയപ്പനഹള്ളി എന്നിവയാണ് ഇടനാഴിയിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന സ്റ്റേഷനുകൾ.
പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടക സർക്കാർ നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. പ്രാഥമിക പദ്ധതികൾ പ്രകാരം രണ്ട് അതിവേഗ ഇടനാഴികളുടെ വികസനത്തിനായി കർണാടകയിലുടനീളം ഏകദേശം 1,757 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വന്നേക്കും. യാത്രക്കാർക്ക് തടസ്സമില്ലാത്ത രീതിയില്‍ അവസാന മൈൽ കണക്റ്റിവിറ്റി നൽകുന്നതിനായി ബൈയപ്പനഹള്ളി സ്റ്റേഷൻ, സബർബൻ റെയിൽ സംവിധാനങ്ങളുമായി പാത സംയോജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
്േിു്ിു

