ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരന്റെ പണം കവർന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം കവർന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക, നിയമവിരുദ്ധമായി തടഞ്ഞുവെക്കുക, ചട്ടങ്ങൾ ലംഘിച്ച് പരിശോധന നടത്തുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അബുദാബിയിലേക്ക് പോകാനെത്തിയ യാത്രക്കാരനെ പ്രതികൾ വിമാനത്താവളത്തിലെ ശുചിമുറിയിലേക്ക് നിർബന്ധപൂർവ്വം കൊണ്ടുപോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന ശുചീകരണ തൊഴിലാളിയെ പുറത്താക്കിയ ശേഷം യാത്രക്കാരനെ ഒരു കാബിനുള്ളിൽ പൂട്ടിയിട്ടു. തന്റെ കൈവശം 40,100 സൗദി റിയാൽ ഉണ്ടെന്ന് അറിയിച്ചെങ്കിലും, ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി പണം പരിശോധിക്കുകയും പിന്നീട് ഇയാളെ വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു. വിമാനത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 3,500 റിയാൽ നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ അറിഞ്ഞത്.
രണ്ടു ദിവസത്തിന് ശേഷം ബഹ്‌റൈനിൽ മടങ്ങിയെത്തിയ ഇയാൾ അധികൃതർക്ക് പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളും ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും പരിശോധിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ ക്രമക്കേട് പുറത്തായത്. ചോദ്യം ചെയ്യലിൽ, 2,000 റിയാൽ മോഷ്ടിച്ചതായും അത് ഇരുവരും വീതിച്ചെടുത്തതായും പ്രതികളിലൊരാൾ സമ്മതിച്ചു. മുൻപും സമാനമായ രീതിയിൽ യാത്രക്കാരെ കൊള്ളയടിച്ചിട്ടുണ്ടെന്നും പ്രതി വെളിപ്പെടുത്തി. വിമാനത്താവളത്തിലെ പരിശോധനാ ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് പ്രതികൾ അതിക്രമം നടത്തിയത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി ഡിസംബർ 28-ലേക്ക് മാറ്റി.
hhlhjl
