ഇന്ത്യയിലെ താമസം വ്യക്തിപരമായ തീരുമാനം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ
ശാരിക / ന്യൂഡൽഹി
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. സാഹചര്യങ്ങളാണ് മുൻ ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയിൽ എത്തിച്ചതെന്നും മടങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അവർ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും ശനിയാഴ്ച ജയശങ്കർ അറിയിച്ചു. 2024 ഓഗസ്റ്റിൽ ബഹുജന പ്രക്ഷോഭത്തെത്തുടർന്നാണ് 78 വയസ്സുകാരിയായ ഷെയ്ഖ് ഹസീന 15 വർഷത്തെ ഭരണത്തിന് ശേഷം പലായനം ചെയ്ത് ഇന്ത്യയിലെത്തിയത്. ഈ അക്രമ സംഭവങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2024-ൽ ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാർത്ഥികൾക്ക് നേരെ നടന്ന വെടിവെയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി.
പ്രതിഷേധക്കാർക്ക് നേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദ്ദേശം നൽകി. പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാർത്ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും ഈ കേസുകളിൽ പ്രതികളാണ്. നിലവിൽ രാഷ്ട്രീയ അഭയം തേടിയാണ് ഹസീന ഇന്ത്യയിൽ കഴിയുന്നത്.
sfsdfds
