മദീന അപകടം; ആന്ധ്രാപ്രദേശ് ഗവർണറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദിയിലേക്ക്
ഷീബ വിജയ൯
ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർ മരിച്ച മദീന ബസ് അപകടത്തിൽ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യയിൽ എത്തും. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സംഘം ഇന്നാണ് (ബുധനാഴ്ച) സൗദിയിൽ എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനം മിനിറ്റുകൾക്കുള്ളിൽ പൂർണമായി തകരുകയും ചെയ്തു. 45 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്.
മൃതദേഹങ്ങൾ തിരിച്ചറിയൽ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സർക്കാരിൻ്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
zxdxsa
