വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ: 30 ദിവസത്തെ ഗ്രേസ് പിരീഡ് നിർദ്ദേശം ശൂറ കൗൺസിൽ തള്ളി
പ്രദീപ് പുറവങ്കര
മനാമ: വിദേശ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകൾ പിഴകൂടാതെ പുതുക്കുന്നതിന് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക ഗ്രേസ് പീരിയഡ് അനുവദിക്കാനുള്ള നിയമനിർമാണ നിർദേശം ശൂറ കൗൺസിൽ തള്ളി. നിലവിലെ ലേബർ മാർക്കറ്റ് നിയന്ത്രണങ്ങളെ ഈ നടപടി ദുർബലപ്പെടുത്തുമെന്ന സർവിസ് കമ്മിറ്റിയുടെ നിലപാട് അംഗീകരിച്ചാണ് കൗൺസിലിന്റെ തീരുമാനം.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമത്തിലെ ആർട്ടിക്കിൾ (26) ൽ ഭേദഗതി വരുത്തി പാർലമെന്റ് സമർപ്പിച്ച ഈ നിർദേശം, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ ഉടൻ ചുമത്തുന്ന പിഴകൾ ലഘൂകരിക്കാനും ബിസിനസ് പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടിരുന്നു.
ഈ ഭേദഗതിയുടെ ലക്ഷ്യങ്ങൾ നിലവിൽതന്നെ പരിഹരിക്കപ്പെടുന്നുണ്ടെന്നാണ് കമ്മിറ്റി റിപ്പോർട്ടർ ഡോ. ഇബ്തിസാം അൽ ദല്ലാൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ നിരന്തരം തൊഴിൽ നിയമങ്ങൾ അവലോകനം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞവർഷം ഘട്ടംഘട്ടമായുള്ള ഒത്തുതീർപ്പുകൾ അവതരിപ്പിച്ചെന്നും നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസുഫ് ഖലഫ് സഭയെ അറിയിച്ചു.
30 ദിവസത്തെ ഇളവ് നൽകുന്നത് ദുരുപയോഗത്തിന് വഴിതുറക്കുകയും പരിശോധന ടീമുകൾക്ക് അധിക സമ്മർദമുണ്ടാക്കുകയും ചെയ്യുമെന്ന് ശൂറ കൗൺസിൽ രണ്ടാം വൈസ് ചെയർപേഴ്സൺ ഡോ. ജിഹാദ് അൽ ഫാദിൽ കൂട്ടിച്ചേർത്തു.
fhgh
