ശബരിമലയിൽ തിരക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു ; എൻഡിആർഎഫ് സംഘം എത്തി
ഷീബ വിജയ൯
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ വൻ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എൻഡിആർഎഫിൻ്റെ ആദ്യസംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് ഇതിനകം എത്തിയത്. ചെന്നൈയിൽ നിന്നുള്ള 40 പേരടങ്ങുന്ന രണ്ടാമത്തെ സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും.
തിരക്ക് കണക്കിലെടുത്ത് പമ്പയിൽ നടന്നിരുന്ന സ്‌പോട്ട് ബുക്കിംഗ് നിലയ്ക്കലിലേക്ക് മാറ്റിയതായി ദേവസ്വം ബോർഡ് അറിയിച്ചു. കൂടാതെ, സ്പോട്ട് ബുക്കിംഗ് പ്രതിദിനം 20,000 പേർക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. മുപ്പതിനായിരത്തിലധികം ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് നടത്താനുള്ള അവസരമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. നിലയ്ക്കലിൽ ഏഴ് ബുക്കിംഗ് കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
സ്‌പോട്ട് ബുക്കിംഗിനായി അധികം ആളുകൾ എത്തിയാൽ അവർക്ക് അടുത്ത ദിവസം ദർശനം നടത്താൻ സൗകര്യമൊരുക്കും. ഭക്തർക്ക് തങ്ങാനുള്ള സൗകര്യവും നിലയ്ക്കൽ ഒരുക്കും. ക്യൂ കോംപ്ലക്സുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും. എല്ലാ തീർത്ഥാടകർക്കും കുടിവെള്ളം, ലഘുഭക്ഷണം, ചുക്കുകാപ്പി എന്നിവ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
sfdssadasd
