ജഗ്ദീപ് ധൻഖറിന്‍റെ അപ്രതീക്ഷിത രാജിയിൽ സംശയം ഉന്നയിച്ച് മമത ബാനർജി

ഷീബ വിജയൻ
ന്യൂഡൽഹി I ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയിൽ സംശയം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ജഗ്ദീപ് ധൻഖറിന്റെ രാജിയെക്കുറിച്ച് പ്രതികരിക്കില്ലെന്നും എന്നാൽ അദ്ദേഹം പൂർണമായും ആരോഗ്യവാനാണെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മമത പറഞ്ഞു. ഉപരാഷ്ട്രപതിയുടെ രാജിക്ക് ഇപ്പോൾ ജനങ്ങൾ അറിയുന്നതിലും കൂടുതൽ കാരണങ്ങൾ ഉണ്ടാകാമെന്ന് മമത പറഞ്ഞു. ധൻഖർ എന്ത് കാരണത്താൽ രാജിവെച്ചു എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് തീരുമാനിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ തനിക്ക് അഭിപ്രായമൊന്നുമില്ലെന്നും അവർ പറഞ്ഞു.
ഉപരാഷ്ട്രപതിയാകുന്നതിന് മുമ്പ്, ധൻഖർ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിൽ ടി.എം.സി സർക്കാറിന്റെ കടുത്ത വിമർശകനായിരുന്ന അദ്ദേഹവുമായി മമത ബാനർജിക്ക് നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. ഗവർണറായിരുന്ന കാലത്ത് ധൻഖർ ഭരണഘടന അതിരുകൾ ലംഘിച്ചുവെന്ന് മമത പലതവണ ആരോപിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗ്ദീപ് ധൻഖർ പെട്ടെന്ന് രാജിവെച്ചത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജി. ധൻഖറിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചാൽ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണിന്റെ അധ്യക്ഷതയിൽ രാജ്യസഭ വർഷകാല സമ്മേളനം പുർത്തിയാക്കേണ്ടിയും വരും. പാർലമെന്റിനും സർക്കാറിനും പ്രതിസന്ധിക്ക് വഴിയൊരുക്കിയ വർഷകാല സമ്മേളനത്തിനിടയിലുള്ള രാജി സ്വീകരിച്ചാൽ പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് അനിവാര്യമായി വരും. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
XXCDFSDFS