റീൽസ് ചിത്രീകരിക്കുന്നതിനിടെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് 21കാരി വീണുമരിച്ചു

ശാരിക
ബംഗളൂരു: റീൽസ് ചിത്രീകരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് 21കാരി വീണുമരിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് യുവതി താഴെ വീണത്. സൗത്ത് ബെംഗളൂരുവിലെ റായസാന്ദ്രയിൽ പേയിങ് ഗസ്റ്റായി താമസിച്ചുവന്ന ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശിനിയായ നന്ദിനിയാണ് മരിച്ചത്. റായസാന്ദ്രയിലെ ഒരു സൂപ്പർമാർക്കറ്റിലെ സെയിൽസ് എക്സിക്യൂട്ടീവാണ്.
രാത്രി എട്ടോടെയാണ് യുവതീയുവാക്കൾ അടങ്ങിയ ഒരു സംഘത്തോടൊപ്പം യുവതി നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്. കേസില്‍പെട്ട് ഈ ഫ്ലാറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ 10 വർഷമായി തടസപ്പെട്ട് കിടക്കുകയായിരുന്നു. രാത്രി 9.30ഓടെ യുവതി റീൽസ് എടുക്കാൻ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാൽവഴുതി താഴെ വീഴുകയായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക് വീണതെന്നാണ് വിവരം.
അപകടം നടന്നയുടൻ സംഘത്തിലുണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. മറ്റുള്ളവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. സംഘത്തിലുള്ള ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് പൊലീസ് നൽകുന്ന സൂചന.
dsfsdf