ആക്‌സിയം 4 വിക്ഷേപണം ജൂണ്‍ 19-ന്

ഷീബ വിജയൻ
ന്യൂഡല്‍ഹി: ആക്‌സിയം 4 വിക്ഷേപണം ജൂണ്‍ 19-ന് നടക്കും. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഒര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ), ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിര്‍ണായക ഏകോപന യോഗത്തിലാണ് വിക്ഷേപണ തിയതി സംബന്ധിച്ച തീരുമാനമുണ്ടായത്. സാങ്കേതിക തകരാറും മോശം കാലാവസ്ഥയും മൂലം മൂന്നുതവണ വിക്ഷേപണം മാറ്റിയിരുന്നു. യോഗത്തില്‍ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനത്തില്‍ കണ്ടെത്തിയ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ചയടക്കമുളള സാങ്കേതിക ആശങ്കകള്‍ ചര്‍ച്ച ചെയ്തു. സ്‌പേസ് എക്‌സ് എഞ്ചിനീയര്‍മാര്‍ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം.
ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റും ഐഎസ്ആര്‍ഒയിലെ ബഹിരാകാശ യാത്രികനുമായ ശുഭാന്‍ഷു ശുക്ലയും ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തില്‍ അന്താരാഷ്ട്ര സംഘത്തോടൊപ്പം ചേരും. രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാന്‍ഷു. യാത്ര ലക്ഷ്യം കണ്ടാല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിലുളളത്. ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
FGDDFSDSDF