ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: യൂറോപ്പിലെ വിമാനത്താവളങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
ലണ്ടൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടർന്നാൽ യൂറോപ്പിലെ വ്യോമയാന മേഖല സ്തംഭിക്കുമെന്ന് റിപ്പോർട്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇവിടത്തെ ഗതാഗതം പൂർണ്ണസ്ഥിതിയിലായില്ലെങ്കിൽ യൂറോപ്യൻ വിമാനത്താവളങ്ങളിൽ വിമാന ഇന്ധനത്തിന് (Jet Fuel) കടുത്ത ക്ഷാമം അനുഭവപ്പെടുമെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ യൂറോപ്പ് മുന്നറിയിപ്പ് നൽകി.
ലോകത്തെ പ്രധാന വിമാനത്താവളങ്ങളുടെ കൂട്ടായ്മയായ എസിഐ യൂറോപ്പ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി കത്തയച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെടുന്നത് വിതരണ ശൃംഖലയെ ബാധിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി തുടർന്നാൽ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത് മിഡിൽ ഈസ്റ്റിലെ ഈ ഇടുങ്ങിയ പാതയിലൂടെയാണ്. നിലവിലെ സംഘർഷ സാഹചര്യങ്ങൾ കാരണം ഈ വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
യൂറോപ്പിലെ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളെല്ലാം ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ബദൽ മാർഗങ്ങൾ തേടുകയാണ്. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അന്താരാഷ്ട്ര വിമാന യാത്രകളെ ഇത് സാരമായി ബാധിച്ചേക്കും
aa




