നിയന്ത്രണങ്ങൾ നീങ്ങി; ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണ ഞായറാഴ്ച പുനരാരംഭിക്കും
പ്രദീപ് പുറവങ്കര I അന്തർദേശീയം
ജറുസലേം: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസ് വിചാരണ ഞായറാഴ്ച പുനരാരംഭിക്കാൻ ജറുസലേം ജില്ലാ കോടതി ഉത്തരവിട്ടു. ജുഡീഷ്യൽ സംവിധാനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് വിചാരണ തുടരുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ കോടതി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഞായറാഴ്ച നടക്കുന്ന വാദത്തിൽ പ്രതിഭാഗം സാക്ഷിയുടെ മൊഴിയെടുക്കുന്ന നടപടികളാകും പ്രധാനമായും നടക്കുക.
അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലെത്തിയതിനെത്തുടർന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡ് അനുമതി നൽകിയിരുന്നു. ഇതോടെയാണ് യുദ്ധം കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കോടതി നടപടികൾക്ക് വീണ്ടും ജീവൻ വെച്ചത്.
പ്രധാനമായും മൂന്ന് കേസുകളിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്. തനിക്ക് അനുകൂലമായ വാർത്താ കവറേജിനായി ഇസ്രായേലി മാധ്യമ സ്ഥാപനങ്ങളുമായി വഴിവിട്ട ഇടപാടുകൾ നടത്തിയെന്നതാണ് ഇതിൽ രണ്ട് കേസുകൾ. രാഷ്ട്രീയ ആനുകൂല്യങ്ങൾ നൽകുന്നതിന് പകരമായി ശതകോടീശ്വരന്മാരിൽ നിന്ന് ഏകദേശം 2,60,000 ഡോളർ വിലമതിക്കുന്ന വിലകൂടിയ ആഭരണങ്ങളും ഷാംപെയ്നും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈപ്പറ്റിയെന്നതാണ് മൂന്നാമത്തെ കേസ്. നേരത്തെ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്ന നാലാമതൊരു അഴിമതിക്കേസ് കോടതി ഒഴിവാക്കിയിരുന്നു.
അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ഇസ്രായേലിന്റെ ആദ്യത്തെ സിറ്റിംഗ് പ്രധാനമന്ത്രിയാണ് ബെഞ്ചമിൻ നെതന്യാഹു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിക്കുകയാണ്. 2019-ൽ ആരംഭിച്ച ഈ നിയമനടപടികൾ തന്നെ ഭരണത്തിൽ നിന്നും പുറത്താക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് നെതന്യാഹുവിന്റെ വാദം. ഇതിനിടെ ഒക്ടോബറിൽ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് നേരിട്ട് അഭ്യർത്ഥിച്ചിരുന്നു.
ascxds




