യുദ്ധത്തിന്റെ ആഘാതം പത്ത് വർഷത്തിലധികം നീണ്ടുനിൽക്കും ; രാജ്യാന്തര നാണയനിധി മുന്നറിയിപ്പ്


ശാരിക I അന്തർദേശീയം

യുദ്ധങ്ങൾ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാജ്യാന്തര നാണയനിധിയുടെ (IMF) ഏറ്റവും പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ ശരാശരി അഞ്ച് വർഷത്തിനുള്ളിൽ ഏഴ് ശതമാനത്തോളം ഇടിവുണ്ടാകുമെന്നും ഇതിന്റെ ആഘാതം പത്ത് വർഷത്തിലധികം നീണ്ടുനിൽക്കുമെന്നും ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സംഘർഷാവസ്ഥയാണിതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത ചൊവ്വാഴ്ച പൂർണ്ണരൂപത്തിൽ പുറത്തിറങ്ങുന്ന 'വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങളിലാണ് സൈനിക ചെലവുകൾ വർദ്ധിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിശദീകരിക്കുന്നത്. 2024-ൽ ലോകത്തെ 35-ലധികം രാജ്യങ്ങൾ ആഭ്യന്തര സംഘർഷങ്ങളിലൂടെ കടന്നുപോയെന്നും ലോകജനസംഖ്യയുടെ 45 ശതമാനത്തോളം യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.

യുദ്ധങ്ങൾ വലിയ തോതിലുള്ള മനുഷ്യനഷ്ടത്തിന് പുറമെ സാമ്പത്തികമായി വലിയ ബാധ്യതകളും സൃഷ്ടിക്കുന്നു. നേരിട്ടുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കിയാലും യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ അയൽരാജ്യങ്ങളും പ്രധാന വ്യാപാര പങ്കാളികളും ഈ ആഘാതം നേരിടേണ്ടി വരുന്നുണ്ട്. യുദ്ധത്തെത്തുടർന്നുണ്ടാകുന്ന ജിഡിപി നഷ്ടം സാമ്പത്തിക പ്രതിസന്ധികളെയോ പ്രകൃതിക്ഷോഭങ്ങളെയോക്കാൾ ഗുരുതരമാണെന്നും റിപ്പോർട്ട് പറയുന്നു. ഇറാനുമായുള്ള സംഘർഷം ആഗോള വളർച്ചാ നിരക്ക് കുറയ്ക്കുമെന്നും നാണയപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കി.

ലോകമെമ്പാടും സൈനിക ചെലവുകൾ കുത്തനെ ഉയരുന്നതായും ഐഎംഎഫ് നിരീക്ഷിക്കുന്നുണ്ട്. പകുതിയോളം രാജ്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിച്ചു. നാറ്റോ രാജ്യങ്ങൾ 2035-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്തുമെന്നാണ് കരുതുന്നത്. ഇതോടെ ആയുധ നിർമ്മാതാക്കളുടെ ലാഭം ഇരട്ടിയായി വർദ്ധിച്ചു. മിക്കവാറും രാജ്യങ്ങൾ ബജറ്റ് കമ്മിയിലൂടെയാണ് ഈ സൈനിക സന്നാഹങ്ങൾക്കായി പണം കണ്ടെത്തുന്നത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പൊതു കടം വർദ്ധിപ്പിക്കാനും സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനും കാരണമാകുന്നു. സമാധാന കരാറുകളുടെ ബലഹീനതയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. യുദ്ധം അവസാനിച്ച 40 ശതമാനം രാജ്യങ്ങളും അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും സംഘർഷങ്ങളിലേക്ക് മടങ്ങുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

article-image

വുലിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed