സമാധാന ബോർഡ് യോഗം: ബഹ്റൈൻ രാജാവ് വാഷിംഗ്ടണിലെത്തി; പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരം സമാധാന ബോർഡിന്റെ (Board of Peace) കന്നി യോഗത്തിൽ പങ്കെടുക്കുന്നതിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വാഷിംഗ്ടണിലെത്തി. വാഷിംഗ്ടൺ ഡിസിയിലെത്തിയ രാജാവിനെ അമേരിക്കയിലെ ബഹ്റൈൻ അംബാസഡർ ഷെയ്ഖ് അബ്ദുള്ള ബിൻ റാഷിദ് അൽ ഖലീഫയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.
മദ്ധ്യപൂർവദേശത്തും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ബഹ്റൈന്റെ പൂർണ്ണ പിന്തുണ രാജാവ് വാഗ്ദാനം ചെയ്തു. മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് ചർച്ചകൾക്കും സഹകരണത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ബോർഡ് യോഗത്തിലേക്ക് തന്നെ ക്ഷണിച്ചതിന് പ്രസിഡന്റ് ട്രംപിനോട് രാജാവ് നന്ദി അറിയിച്ചു.
ഗാസ മുനമ്പിലെ പ്രശ്നപരിഹാരത്തിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതിയെയും പുനർനിർമ്മാണ പ്രവർത്തനങ്ങളെയും രാജാവ് സ്വാഗതം ചെയ്തു. പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിനുമുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങൾക്ക് ബഹ്റൈന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്ളത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് രാജാവിനൊപ്പമുള്ളത്. മാധ്യമ ഉപദേഷ്ടാവ് നബിൽ ബിൻ യാക്കൂബ് അൽ ഹമർ, നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ തുടങ്ങി ഭരണരംഗത്തെ പ്രമുഖരും സംഘത്തിലുണ്ട്.
dfgdfg


