ബഹ്റൈനിലെ മയക്കുമരുന്ന് കേസ്; ചതിക്കുഴിയിൽ വീണ് ഇന്ത്യൻ യുവാവും പാക് സ്വദേശിയും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മെച്ചപ്പെട്ട ജോലിയും കടബാധ്യത തീർക്കാനുള്ള മാർഗ്ഗവും തേടിയുള്ള രണ്ട് പേരുടെ യാത്ര ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് ബഹ്‌റൈനിലെ കോടതിയിൽ. തായ്‌ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവും, ഇയാൾക്കൊപ്പം കടം വീട്ടാൻ മയക്കുമരുന്ന് വിൽപനയ്ക്ക് നിർബന്ധിതനായ പാകിസ്താൻ സ്വദേശിയുമാണ് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തിയത്.

മെറൈൻ നാവിഗേഷനിൽ ബിരുദമുണ്ടായിട്ടും നാട്ടിൽ ടാക്സി ഓടിച്ച് ഉപജീവനം നടത്തിയിരുന്ന 21-കാരനായ തമിഴ്‌നാട് സ്വദേശിയാണ് കേസിലെ ഒന്നാം പ്രതി. മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലുള്ള ഒരാൾ വഴിയാണ് ഇയാൾ തായ്‌ലൻഡിൽ എത്തിയത്. അവിടെ വെച്ച് ഒരാൾ ഏൽപ്പിച്ച സൂട്ട്കേസുമായി ബഹ്‌റൈനിൽ എത്തിയ യുവാവിനെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് അധികൃതർ പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ സൂട്ട്കേസിനുള്ളിൽ നിന്ന് 3.1 കിലോ ഹാഷിഷ് കണ്ടെടുത്തു. 50,000 ഇന്ത്യൻ രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് തനിക്ക് ഈ ബാഗ് നൽകിയതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. എന്നാൽ ബാഗിനുള്ളിൽ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താൻ ചതിക്കപ്പെടുകയായിരുന്നുവെന്നും യുവാവ് കോടതിയിൽ ബോധിപ്പിച്ചു.

28 വയസ്സുകാരനായ പാകിസ്താൻ സ്വദേശിയാണ് കേസിലെ രണ്ടാം പ്രതി. പാകിസ്താനിൽ തുണി വ്യവസായം നടത്തിയിരുന്ന ഇയാൾ, തന്റെ അക്കൗണ്ടന്റ് പണവുമായി മുങ്ങിയതോടെ വൻ കടബാധ്യതയിലായി. നാട്ടിലെ കടം തീർക്കാൻ ഒരാളിൽ നിന്ന് പണം കടം വാങ്ങിയെങ്കിലും അത് തിരിച്ചുനൽകാൻ ഇയാൾക്ക് സാധിച്ചില്ല. ബഹ്‌റൈനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തനിക്ക് 130 ദിനാർ മാത്രമാണ് ശമ്പളമെന്നും ഇത്രയും തുക പെട്ടെന്ന് നൽകാൻ കഴിയില്ലെന്നും ഇയാൾ കടം നൽകിയയാളെ അറിയിച്ചു. ഇതോടെ നാട്ടിലുള്ള ഇയാളുടെ പിതാവിനെ കടം കൊടുത്തയാൾ മർദ്ദിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഒടുവിൽ കടം വീട്ടാനായി മയക്കുമരുന്ന് കടത്താൻ ഇയാൾ നിർബന്ധിതനാവുകയായിരുന്നു. നിശ്ചിത സ്ഥലങ്ങളിൽ നിന്ന് മയക്കുമരുന്ന് ശേഖരിച്ച് മറ്റൊരിടത്ത് എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. വിമാനത്താവളത്തിൽ പിടിയിലായ ഇന്ത്യൻ യുവാവിനെ ഉപയോഗിച്ച് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പാകിസ്താൻ സ്വദേശി കുടുങ്ങിയത്. മയക്കുമരുന്ന് കൈമാറാൻ നിർദ്ദേശിച്ച ഹോട്ടൽ മുറിയിൽ എത്തിയ പാകിസ്താൻ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കാറിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ഹാഷിഷും മെത്താംഫെറ്റാമൈനും പോലീസ് കണ്ടെടുക്കുയായിരുന്നു.

ഇവരുടെ വെളിപ്പെടുത്തൽ കേട്ട കോടതി കേസിൽ വരും മാസങ്ങളിൽ കൂടുതൽ വാദം കേൾക്കുമെന്നും മാർച്ച് 31-ന് വിധി പുറപ്പെടുവിക്കുമെന്നും അറിയിച്ചു.

article-image

sxvv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed