പ്രതാപം തിരിച്ചുപിടിക്കാൻ വിജയ്‌യുമായി സഖ്യമുണ്ടാക്കൂ'; കോൺഗ്രസിനോട് എസ്.എ. ചന്ദ്രശേഖർ
ഷീബ വിജയൻ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കോൺഗ്രസിന് മുന്നിൽ പുതിയ സഖ്യസാധ്യത വെച്ച് നടൻ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് അവരുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെങ്കിൽ വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ.യുമായി (തമിഴക വെട്രി കഴകം) കൈകോർക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മികച്ച പാരമ്പര്യമുള്ള കോൺഗ്രസ് നിലവിൽ മറ്റ് പാർട്ടികളെ പിന്തുണച്ച് ദുർബലമാവുകയാണെന്നും വിജയ് അവരെ കൈപിടിച്ചുയർത്താൻ തയ്യാറാണെന്നും തിരുവാരൂരിൽ അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കാൻ ജനങ്ങൾ വിജയ്‌യോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് ഈ അവസരം ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഈ വാഗ്ദാനം തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപെരുന്തഗൈ തള്ളിക്കളഞ്ഞു. കോൺഗ്രസിന് നിലവിൽ ടി.വി.കെ.യുടെ പിന്തുണ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. 'രാഹുൽ ഗാന്ധി ഞങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്നുണ്ട്, ഈ ഓഫറിന് ചന്ദ്രശേഖറിനോട് നന്ദി പറയുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, അഴിമതിയില്ലാത്ത ഭരണം ലക്ഷ്യമിട്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒരു യുദ്ധമായി കാണണമെന്നും ഒറ്റയ്ക്ക് പൊരുതി ജയിക്കാൻ തന്റെ പ്രവർത്തകർ സജ്ജരാണെന്നും കഴിഞ്ഞ ദിവസം വിജയ് പ്രഖ്യാപിച്ചിരുന്നു.
ouijtygtytu6


