കുവൈത്തിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് ഇന്ന് അവസാനിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് ഇന്ന് അവസാനിക്കും. കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വരാന്‍ അനുമതിയുണ്ട്. കുവൈത്തില്‍ ഇഖാമയുള്ളവര്‍ക്കും അംഗീകൃത വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവര്‍ക്കുമാണ് പ്രവേശനാനുമതിയുള്ളത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരായിരിക്കണം. ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് ആസ്ട്രസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഒറ്റ ഡോസ് മാത്രമാണുള്ളത്. രാജ്യത്ത് പ്രവേശിക്കുന്ന പ്രവാസികള്‍ ഏഴ് ദിവസം താമസ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരും.