എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഇനി 'സിഎം കിഡ്‌സ് സ്‌കോളർഷിപ്പ്
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന എൽഎസ്എസ് (LSS), യുഎസ്എസ് (USS) പരീക്ഷകളുടെ പേരും രീതിയും മാറ്റുന്നു. ഇനി മുതൽ ഈ പരീക്ഷകൾ 'സിഎം കിഡ്‌സ് സ്‌കോളർഷിപ്പ്' എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പേര് മാറ്റത്തിനൊപ്പം കാലാനുസൃതമായ പരീക്ഷാ പരിഷ്‌കാരങ്ങളും സർക്കാർ നടപ്പിലാക്കും.
പുതിയ പരിഷ്‌കാരം അനുസരിച്ച് വിജയികളെ നിശ്ചയിക്കുന്നതിന് 'കട്ട് ഓഫ്' രീതി ഏർപ്പെടുത്തും. മുൻവർഷങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർക്കായിരുന്നു സ്കോളർഷിപ്പ് ലഭിച്ചിരുന്നത്. എന്നാൽ ചോദ്യപേപ്പർ കഠിനമാകുന്ന വർഷങ്ങളിൽ വിജയികളുടെ എണ്ണം വലിയ തോതിൽ കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഓരോ വർഷവും ചോദ്യപേപ്പറിന്റെ നിലവാരം വിലയിരുത്തി പരീക്ഷാ ബോർഡ് നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാകും ഇനി സ്കോളർഷിപ്പ് അനുവദിക്കുക.
ജനുവരി ആദ്യവാരം പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. ഫെബ്രുവരിയിൽ പരീക്ഷകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അർഹരായ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് ഉറപ്പാക്കാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
gvnbbvnbvnbv
