ബഹ്‌റൈനിൽ വിദേശികൾക്ക് വർക്ക് പെർമിറ്റിന് മുമ്പ് സർട്ടിഫിക്കറ്റ് പരിശോധന; പാർലമെന്റ് നാളെ ചർച്ച ചെയ്യും
ഷീബ വിജയൻ
മനാമ: ബഹ്‌റൈനിലേക്ക് ജോലിക്കായി എത്തുന്ന വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് മുമ്പായി വിദ്യാഭ്യാസ യോഗ്യതകൾ കർശനമായി പരിശോധിക്കണമെന്ന നിർദ്ദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അംഗീകൃത ഏജൻസികളുമായി ചേർന്ന് സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി പരിശോധിക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെടുന്നത്.
വ്യാജരേഖകൾ ഉപയോഗിച്ച് ജോലി നേടുന്നത് തടയാനും തൊഴിൽ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് എം.പി ജലാൽ കാസിം സമർപ്പിച്ച ഈ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് സർവീസസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
അതേസമയം, നിലവിൽ ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയ തസ്തികകളിലേക്ക് പ്രൊഫഷണൽ ലൈസൻസിങ് ബോർഡുകൾ വഴി പരിശോധന നടക്കുന്നുണ്ടെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നത് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും ഇത് ബിസിനസ് നടപടികൾ സങ്കീർണ്ണമാക്കുമെന്നും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ചൂണ്ടിക്കാട്ടി. എന്നാൽ, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ട്രേഡ് യൂണിയനുകൾ വിശ്വസിക്കുന്നു. പൊതുതാൽപര്യം മുൻനിർത്തി ഈ ഭേദഗതി അംഗീകരിക്കാനാണ് പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശ.
dsadasdsa
