വാളയാർ ആൾക്കൂട്ട കൊലപാതകം: ആക്രമണത്തിൽ സ്ത്രീകളും പങ്കാളികളായെന്ന് പൊലീസ്
ഷീബ വിജയൻ
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാംനാരായണൻ ആൾക്കൂട്ട മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകളും പങ്കാളികളായെന്ന് പോലീസ് നിഗമനം. രണ്ട് മണിക്കൂർ നീണ്ടുനിന്ന ക്രൂരമായ മർദ്ദനത്തിൽ ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ ചില സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം ഗൗരവമായി പരിശോധിച്ചു വരികയാണ്.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു രാംനാരായണനെ പ്രദേശവാസികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഏകദേശം 15 ഓളം പേർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായും ഇതിൽ ചിലർ നാടുവിട്ടതായും പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
കഞ്ചിക്കോട് കിംഫ്ര പാർക്കിൽ ജോലി തേടിയെത്തിയ രാംനാരായണൻ വഴിതെറ്റിയാണ് അട്ടപ്പള്ളത്ത് എത്തിയത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ യുവാക്കളെ വിവരം അറിയിക്കുകയും ആൾക്കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. രാംനാരായണന്റെ ശരീരത്തിലാസകലം മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാണ്.
