കുവൈത്തിൽ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചു

കുവൈത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നടത്തരുതെന്ന് ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ മുസ്തഫ അൽ റിദ ആണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തിര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തി വയ്ക്കണമെന്ന് സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകിയത്. കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി വലിയ വർദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്. നിലവിൽ പതിനായിരത്തിലേറെ പേരാണ് ആശുപത്രിയിൽ ഉള്ളത്. തീവ്ര പരിചണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് വാർഡുകൾ വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.