'കൈപ്പത്തി താമരയാക്കാൻ കോൺഗ്രസിന് മടിയില്ല'; മറ്റത്തൂർ സഖ്യത്തിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി സഖ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
"ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന് പറയുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പിലാക്കിയത്. സംസ്ഥാനത്ത് പലയിടത്തും ബിജെപി-കോൺഗ്രസ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കോൺഗ്രസ് സ്വയം വിൽക്കാൻ കാണിക്കുന്ന ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്," മുഖ്യമന്ത്രി വ്യക്തമാക്കി. അരുണാചൽ പ്രദേശിലും പുതുച്ചേരിയിലും നടന്ന കൂറുമാറ്റങ്ങളുടെ കേരള മോഡലാണ് മറ്റത്തൂരിലെന്നും എൽഡിഎഫ് ഭരണത്തിലെത്തുന്നത് തടയാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ertertrerterw
