ഒമാൻ യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈൻ: നിയമം പ്രാബല്യത്തില്‍

മസ്കകറ്റ്: ഒമാനിലേക്കുള്ള യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈന്‍ വേണമെന്ന നിയമം പ്രാബല്യത്തിലായി. ഹോട്ടൽ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷം യാത്രക്ക് ടിക്കറ്റ് എടുക്കുന്നതാകും നല്ലതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഒമാനിലേക്കുള്ള യാത്രക്കാർക്ക് ഏത് ഹോട്ടലുകളും ക്വാറന്‍റൈന്‍ വേണ്ടി ബുക്ക് ചെയ്യാം. അല്ലെങ്കിൽ റിലീഫ് ആന്‍റ് ഓപറേഷൻസ് സെൻറർ തയാറാക്കിയ പട്ടികയിലെ ഹോട്ടലുകൾ ബുക്ക് ചെയ്യണം. ഏഴ് രാത്രിയിലെ ബുക്കിങ് രേഖകൾ ഉണ്ടെങ്കിലെ വിമാനത്തിൽ ബോർഡിങ് അനുവദിക്കുകയുള്ളൂ. ഭൂരിപക്ഷം ഹോട്ടലുകളും പൈസ ഈടാക്കിയ ശേഷമാണ് ബുക്കിങ് അനുവദിക്കുന്നുള്ളൂ. വിമാനത്താവളത്തിൽ ഹോട്ടൽ ബുക്കിങ് രേഖകൾ കാണിച്ച് മറ്റെവിടേക്ക് എങ്കിലും ക്വാറന്‍റൈനായി പോകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. സൗദിയിലേക്ക് പോകുന്നതിനായി നിരവധിയാളുകളും ഒമാനിലേക്ക് എത്തുന്നുണ്ട്. അതിനാൽ ചെലവ് കുറഞ്ഞ ക്വാറന്‍റൈൻ കേന്ദ്രങ്ങളെല്ലാം നേരത്തേ ബുക്ക് ആകുന്ന അവസ്ഥയാണ് ഉള്ളത്. നിരവധി സംഘടനകളും ക്വാറന്‍റൈന്‍ സൗകര്യങ്ങളൊരുക്കുന്നുണ്ട്.