വർക്ക് പർമിറ്റ് പുതുക്കി നൽകില്ലെന്ന ഉത്തരവ് കുവൈത്തിൽ നാളെ മുതൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് അറുപതു വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന ഉത്തരവ് ജനുവരി ഒന്ന് മുതൽ കുവൈത്തിൽ പ്രാബല്യത്തിൽ വരും. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടു പിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാൻ പവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
2018ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29ആം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് മാൻ പവർ അതോറിറ്റി മേധാവി അഹമ്മദ് അൽ മൂസ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 60 വയസ്സുകഴിഞ്ഞവർക്കു തൊഴിൽ പെർമിറ്റ് പുതുക്കി ലഭിക്കില്ലെങ്കിലും കുടുംബാംഗം സ്പോൺസർ ചെയ്യാനുണ്ടെങ്കിൽ ആശ്രിത വിസയിൽ രാജ്യത്ത് തങ്ങാൻ അനുവദിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ് പ്രായപരിധി നിയമം.

