കാഞ്ഞിരപ്പള്ളിയിൽ യുവാവും വീട്ടമ്മയും വീടിനുള്ളിൽ മരിച്ച സംഭവം; ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയതെന്ന് പോലീസ്
ഷീബ വിജയൻ
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ കോട്ടയം ആലുംമൂട് സ്വദേശി ജോബിനെ (40) അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷേർലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ജോബ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറുമാസം മുൻപാണ് ജോബും ഷേർലിയും കൂവപ്പള്ളിയിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ജോബ് ഇടയ്ക്കിടെ മാത്രമാണ് ഇവിടെ എത്തിയിരുന്നതെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസം സുഹൃത്തുക്കളും ബന്ധുക്കളും ഷേർലിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.
വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിൽ പരിശോധന നടത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
as swaasdas

