പരി­സ്ഥി­തി­ നി­യമ ലംഘനം : കു­വൈ­ത്തി­ൽ കഴി­ഞ്ഞ വർ­ഷം രജി­സ്റ്റർ ചെ­യ്തത് ‌1528 കേ­സു­കൾ


കുവൈത്ത് സിറ്റി : രാജ്യത്ത് കഴിഞ്ഞ വർഷം പരിസ്ഥിതി നിയമ ലംഘനത്തിന് രജിസ്റ്റർ ചെയ്തത് 1528 കേസുകൾ. ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ 80 കേസുകളുംരജിസ്റ്റർ ചെയ്‌തു. പരിസ്ഥിതി സം‌രക്ഷണം കുട്ടിക്കളിയല്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പരിസ്ഥിതി പോലീസ് വിഭാഗം ഡയറക്ടർ കേണൽ ഹുസൈൻ അൽ അജ്മി വ്യക്തമാക്കി. സമുദ്ര പരിസ്ഥിതിയുമായി ബന്ധപ്പെട്ട 329 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

അയൽ‌വാസിയുടെ അധീനതയിലുള്ള സ്ഥലത്ത് തൊട്ടടുത്ത താമസക്കാർ മാലിന്യം നിക്ഷേപിക്കുന്നതായുള്ള ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. 500 ദിനാർ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. പൊതുജനങ്ങളിൽ നിന്ന് 50 ദിനാർ പിഴ ഈടാക്കുന്നിടത്ത് പരിസ്ഥിതി നിയമലംഘനം തടയാത്ത സർക്കാർ ജീവനക്കാരിൽ നിന്ന് 5000 ദിനാർ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഫീസുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ പുകവലി പാടില്ല. അത്തരം സ്ഥലങ്ങളിൽ പുകവലിച്ചാൽ 50 ദിനാർ പിഴ ഈടാക്കും. 

പുകവലിക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് നൽകാതിരുന്നാൽ ഓഫീസ് മേധാവിയിൽ നിന്ന് 5000 ദിനാർ ഈടാക്കും. ശീഷ (ഹുക്ക) വലിക്കുന്നതിന് നിരോധനമില്ല. എന്നാൽ ഹുക്കയിൽ ഉപയോഗിക്കുന്ന കൽക്കരി കൂട്ടിയിടുന്നത് പരിസ്ഥിതി നിയമലംഘനമായി കണക്കാക്കും. പരിസ്ഥിതി പോലീസ് നിലവിൽ വന്നിട്ടു മൂന്നുവർഷമായി. ഇക്കാലയളവിൽ പരിസ്ഥിതി സം‌രക്ഷണം സംബന്ധിച്ചു ജനങ്ങളിൽ ബോധവൽക്കരണത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി നിയമലംഘനം ശ്രദ്ധയിൽ‌പ്പെട്ടാൽ പരിസ്ഥിതി പോലീസ് ആസ്ഥാനത്തോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ പരാതിപ്പെടാം. പരാതികൾ സ്വീകരിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും മന്ത്രാലയം വെബ്സൈറ്റിൽ പരിസ്ഥിതി പോലീസ് വിഭാഗത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മാലിന്യ നീക്കം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം, അവയുടെ റൂ‍‍‍‍‍‍‍‍ട്ട് തുടങ്ങിയവ സംബന്ധിച്ച് മൂന്ന് മാസത്തിലൊരിക്കൽ മുനിസിപ്പാലിറ്റി റിപ്പോർട്ട് നൽകണമെന്നും വ്യവസ്ഥയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed