ഇന്ത്യൻ വനി­താ­ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­കളു­ടെ­ സു­രക്ഷ ഉറപ്പാ­ക്കു­മെ­ന്ന് കു­വൈ­ത്ത്


കുവൈത്ത് സിറ്റി : ഇന്ത്യൻ വനിതാ ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കുവൈത്ത്. കഴിഞ്ഞ ദിവസം ഇന്ത്യ−-കുവൈത്ത് സംയുക്ത ഗ്രൂപ്പ് യോഗം അംഗീകരിച്ച കരട് കരാർ ഇക്കാര്യം ഉറപ്പ് നൽകുന്നുണ്ട്. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനായി കുവൈത്ത് സർക്കാർ രൂപവൽക്കരിച്ച അൽ ദൂറ കന്പനി അധികൃതർ ഗാർഹിക തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. കന്പനിയുടെ പ്രവർത്തന രീതി, വനിതാ ഗാർഹികതൊഴിലാളികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച് നയതന്ത്രതലത്തിൽ കന്പനി ഇന്ത്യൻ എംബസിയെ ബോധ്യപ്പെടുത്തും.

ഇന്ത്യയിൽ നിന്ന് 30 വയസ്സിനു താഴെയുള്ള വനിതകളെ ഗാർഹിക ‌‌തൊഴിലിനയയ്ക്കില്ല എന്ന നിലപാട് തുടരും. അതേസമയം ഗാർഹിക തൊഴിലാളിയുടെ കുറഞ്ഞ വേതനം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. മൂന്നക്ക സംഖ്യയിൽ കുറഞ്ഞ ശന്പളം അംഗീകരിക്കാനില്ലെന്ന് ഇന്ത്യൻ സംഘം അറിയിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹിക തൊഴിൽ കരാറിന്റെ കരട് 2014 തൊട്ട് അനക്കമില്ലാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സംയുക്ത യോഗത്തിലൂടെ അതിന് പുതുജീവൻ വച്ചിരിക്കയാണ്.  

ഇരുപക്ഷവും അംഗീകരിച്ച സാഹചര്യത്തിൽ കരട് കരാറിന്റെ കോപ്പി പരസ്പരം കൈമാറി. കരാറിൽ വൈകാതെ ഒപ്പുവയ്ക്കും. അതെസമയം കുവൈത്തിൽ 6,77000 ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതായി സെൻ‌ട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ വെളിപ്പെടുത്തി. അവരിൽ 2,91,000 പേർ ഇന്ത്യക്കാരാണ്. ഫിലിപ്പീൻസുകാരായ 163000, ബംഗ്ലാദേശുകാരായ 81000, ശ്രീലങ്കക്കാരായ 67000, നേപ്പാളുകാരായ 24000ഗാർഹിക തൊഴിലാളികളുമുണ്ടെന്നാണ് കണക്ക്. ഗാർഹിക തൊഴിലാളികൾക്ക് ശന്പളമായി പ്രതിവർഷം 102കോടി ദിനാർ ചെലവഴിക്കുന്നുണ്ട്.  

സർക്കാർ കണക്കിൽ വർഷത്തെ മൊത്തം ചെലവിനെക്കാൾ അഞ്ച് ശതമാനം കൂടുതലും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തെക്കാൾ മൂന്നുശതമാനം അധികവുമാണിത്. നൂറ് ദിനാർ ശന്പളമുള്ള ഗാർഹിക തൊഴിലാളിക്ക് വേണ്ടി മൊബൈൽ, വസ്ത്രം, വിമാനടിക്കറ്റ് തുടങ്ങിയവ ഉൾപ്പെടുത്തി പ്രതിമാസം 125 ദിനാർ ചെലവഴിക്കുന്നുവെന്നാണ് ബ്യൂറോയുടെ കണക്ക്. നിലവിലുള്ള ഗാർഹിക തൊഴിലാളികൾക്ക് വേണ്ടി റിക്രൂട്ട്മെൻ‌റ് ഇനത്തിൽ 700 ദശലക്ഷം ദിനാർ ചെലവഴിക്കുന്നുണ്ട്. ഒരാൾക്ക് 1000 ദിനാർ എന്ന് കണക്കാക്കിയാണ് ഈ തുക. ഗാർഹികതൊഴിലാളികൾ കുവൈത്തിന്റെ സമ്പദ്ഘടനയെ സഹായിക്കുന്നുണ്ട്. വിമാനയാത്ര, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ അവർ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 

ഗാർഹിക തൊഴിലാളികളുടെ ആവശ്യം നാൾക്കുനാൾ വർധിച്ചുവരുന്നുണ്ട്. ഈ വർഷം അവസാനത്തോടെ അത് ഏഴ് ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed