രാഷ്‌ട്രത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടേണ്ടത് വിദ്യാലയങ്ങളിൽ : കുവൈത്ത് ഇന്ത്യൻ സ്ഥാനപതി
കുവൈത്ത് സിറ്റി : വിദ്യാലയങ്ങൾ ഫാക്ടറികൾ അല്ലെന്ന ബോധം ഉണ്ടാകണമെന്ന് ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ. ഫാക്ടറികളിൽ നിർമ്മിക്കുന്ന വസ്തുക്കൾക്ക് കേടുപാട് സംഭവിച്ചാൽ അത് തിരിച്ചെടുത്ത് നന്നാക്കാൻ കഴിഞ്ഞേക്കും. എന്നാൽ വിദ്യാലയങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുട്ടികളെ പിന്നീട് ശരിയായ ദിശയിൽ എത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഭാരതീയ വിദ്യാഭവൻ വാർഷികം (തരംഗ്−2018) ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
"രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നത് വിദ്യാർത്ഥികളിലാണ്. അതിനനുസരിച്ച് വിദ്യാർത്ഥികളെ രൂപപ്പെടുത്തണം. രാഷ്‌ട്രത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടേണ്ടത് വിദ്യാലയങ്ങളിലാണ്. കുട്ടികൾ എന്തായിത്തീരണം എന്നതിനെക്കുറിച്ച് വാണിജ്യ താൽപ്പര്യത്തോടെ രക്ഷിതാക്കൾ തീർപ്പ് കൽപ്പിക്കരുത്. പകരം അന്തിമലക്ഷ്യം എന്താണെന്നുകൂടി കുട്ടികളെ ബോധ്യപ്പെടുത്തണം. അതാകട്ടെ സമൂഹത്തിന് ഗുണമുള്ളതുമായിരിക്കണം. കുടുംബ സംവിധാനമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള ബോധവൽകരണമാണ് വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് പകരേണ്ടത്." ജീവ സാഗർ പറഞ്ഞു.
വിവിധ ക്ലാസുകളിൽ മികവ് കാട്ടിയവർക്ക് ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ, ഗയാന സ്ഥാനപതി ഷഹീർ അലി, പത്നി മറിയം അലി, സ്കൂൾ ചെയർമാൻ രാമചന്ദ്ര മേനോൻ, ഭവൻസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ സൂരജ് രാമചന്ദ്രൻ, കൃഷ്ണദാസ് എന്നിവർ അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ മാഗസിന്റെ കോപ്പി എഡിറ്റർ നിഥിൻ ഇന്ത്യൻ സ്ഥാനപതിക്ക് നൽകി. സ്കൂൾ ഹെഡ് ഗേൾ മേഘവർണിക, പ്രിൻസിപ്പൽ ടി. പ്രേംകുമാർ, സ്മാർട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ഭവൻസ് വൈസ് പ്രിൻസിപ്പൽമാരായ സുരേഷ് ബാലകൃഷ്ണൻ, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ, ശ്രീറാം സൂരജ്, മാളവിക മാവത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

