വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പാക് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ : വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ റിയാദിൽ നാല് പാക് പൗരന്മാർക്ക് വധശിക്ഷ. കുറ്റകൃത്യങ്ങൾ ഏറ്റുപറഞ്ഞ കുറ്റവാളികൾക്ക് കോടതി വധശിക്ഷ വിധിക്കുകയും വ്യാഴാഴ്ച റിയാദിൽ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് നാലംഗ പാകിസ്ഥാനി അക്രമി സംഘം ഒരു വീട്ടിൽ അതിക്രമിച്ചു കടക്കുകയും തുടർന്ന്, ഗൃഹനാഥയെ രണ്ട് പേർ ചേർന്നു കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെടുന്നതിന് മുന്പ് വീട്ടമ്മയുടെ കൈകളും കാലുകളും ബന്ധിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറ്റ് രണ്ടു പേർ വീട്ടമ്മയുടെ കൗമാരക്കാരനായ മകനെ ബന്ധിക്കുകയും പ്രകൃതിവിരുദ്ധ നടപടികൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷം വീട്ടിലെ സ്വർണവും മറ്റും കൊള്ളയടിച്ചു. ഏറെ വൈകാതെ തന്നെ അക്രമി സംഘം പിടിയിലാവുകയും തെളിവുകൾ സഹിതം അവരെ കോടതിയിൽ ഹാജരാക്കുകയും ആയിരുന്നു.

