പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം തള്ളി


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം പാര്‍ലമെന്ററി നിയമനിര്‍മ്മാണ കമ്മറ്റി ഏകപക്ഷീയമായി തള്ളി. പ്രവാസികളുടെ പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കമ്മറ്റി വ്യക്തമാക്കി. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ചില എംപിമാര്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. രാജ്യത്തിന്റെ വരുമാനത്തില്‍ മൂന്നു ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്താന്‍ ഈ നടപടി ഉപകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം പ്രവാസികള്‍ രാജ്യത്തു നിന്ന് അയക്കുന്നത് 15 ബില്യന്‍ കുവൈത്ത് ദിനാർ ആണെന്നിരിക്കെ ഈ നികുതി സ്വീകരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അവര്‍ വാദിച്ചിരുന്നു.

എന്നാല്‍ എംപിമാരുടെ ഈ നിര്‍ദേശത്തെ അനുകൂലിക്കുന്നില്ലെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി റെമിറ്റന്‍സ് നികുതി ഏര്‍പ്പെടുത്തുന്ന് സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉളവാക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതി നിര്‍ദേശം നടപ്പാക്കിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാടുകള്‍ വര്‍ധിക്കുകയും കറന്‍സി നിരക്കുകള്‍ ക്രമരഹിതമാകുകയും സാമ്പത്തിക വിപണിയില്‍ അസ്ഥിരത ഉണ്ടാകുകയും ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed