എൽ.ഡി.എഫ് ജാഥയിൽ നിന്ന് ജോസ് കെ. മാണി പിന്മാറുന്നു? ; കേരള കോൺഗ്രസിൽ മുന്നണി മാറ്റ ചർച്ചകൾ സജീവം
ഷീബ വിജയൻ
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ എൽ.ഡി.എഫിന്റെ മധ്യമേഖലാ ജാഥ നയിക്കുന്നതിൽ നിന്ന് ചെയർമാൻ ജോസ് കെ. മാണി പിന്മാറുന്നതായി റിപ്പോർട്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ജാഥാ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും പകരം എൻ. ജയരാജിനെ നിയമിക്കണമെന്നും അദ്ദേഹം മുന്നണി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ ഇതിൽ സി.പി.എം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജോസ് കെ. മാണി തന്നെ ജാഥ നയിക്കണമെന്നാണ് സി.പി.എം നിലപാട്.
അതേസമയം, കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് തിരികെ എത്തിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് വൻ നീക്കങ്ങളാണ് നടത്തുന്നത്. സോണിയാ ഗാന്ധി ജോസ് കെ. മാണിയുമായി ഫോണിൽ സംസാരിച്ചതായും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ഇതിന് മധ്യസ്ഥത വഹിക്കുന്നതായും സൂചനകളുണ്ട്. പാർട്ടിയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും നിൽക്കുമെന്ന് നാല് എം.എൽ.എമാർ ജോസ് കെ. മാണിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, മന്ത്രി റോഷി അഗസ്റ്റിൻ എൽ.ഡി.എഫ് അനുകൂല നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ ജോസ് കെ. മാണി ഔദ്യോഗികമായി തള്ളുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിട്ടുനിൽക്കലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
yuytgfdsf

