അനീതികളിലൂടെ ഭാരതം ഗാന്ധിജിയെ തോൽപ്പിക്കുന്നു : അനുരാധ ശങ്കർ
കൊച്ചി : അനീതികളിലൂടെയും ഹിംസയിലൂടെയും നമ്മൾ ഗാന്ധിജിയെ ഇന്നും തോൽപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഭോപാൽ എ.ഡി.ജി.പി അനുരാധ ശങ്കർ.
കലൂർ ഐ.എം.എ ഹൗസിൽ ആരംഭിച്ച നാലാമത് ദേശീയ സമാധാന കൺവെൻഷന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഗാന്ധിയൻ ദർശനങ്ങളെ ഭാരതം കൂടുതൽ ആഭിമുഖ്യത്തോടെ ഉൾക്കൊള്ളുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട കാലഘട്ടമാണിത്. രാജ്യത്തെ മാറിയ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ സഹിഷ്ണുതയ്ക്കും സമാധാനത്തിനുമായി ജീവിതംസമർപ്പിച്ച രാഷ്ട്രപിതാവിന്റെ ജീവിതവും ദർനങ്ങളും കൂടുതൽ പ്രാധാന്യത്തോടെ സമൂഹത്തിലേക്കു പകരാൻ ഓരോ പൗരനും കടമയുണ്ടെന്നും അവർ പറഞ്ഞു. വർഗീയതയുടെയും വിഭാഗീയതയുടെയും അർബുദം പൂർണമായും ഇല്ലാതാക്കി സമത്വം കാത്തുസൂക്ഷിക്കാൻ കൂട്ടായ്മയോടെ കൈ കോർക്കണമെന്ന് മുഖ്യാതിഥിയായിരുന്ന കാൻസർ ചികിത്സാവിദഗ്ധൻ ഡോ. വി.പി ഗംഗാധരൻ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്പിൽ പുഷ്പാർച്ചനയോടെയാണ് കൺെവൻഷൻ തുടങ്ങിയത്.
നാഷണൽ പീസ് മൂവ്‌മെന്റ് ചെയർമാൻ ഫാ. വർഗീസ് ആലങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. വൃക്കദാനം നടത്തിയ പാലാരൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനെ സമ്മേളനത്തിൽ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ ഫാ. വിൻസന്റ കുണ്ടുകുളം, റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ വിനോദ് കൃഷ്ണൻകുട്ടി, ഡോസമിൻ ഹുസൈൻ, മുംബൈയിൽ നിന്നുള്ള വിദ്യാർത്‍ഥി പ്രതിനിധി സാറ ഫറൂക്കി തുടങ്ങിയവർപ്രസംഗിച്ചു.

