നന്മ നിറഞ്ഞ വ്യക്തിയാണ് നല്ല കുടുംബത്തിന്‍റെ അടിത്തറ : ടി.പി ഹുസൈന്‍ കോയ


കുവൈത്ത് സിറ്റി : നന്മ നിറഞ്ഞ വ്യക്തിയാണ് നല്ല കുടുംബത്തിന്‍റെ അടിത്തറയെന്ന് ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടര്‍ ടി.പി ഹുസൈന്‍ കോയ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര സമിതി ഫര്‍വാനിയ മെട്രോ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിത സംഗമത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് രൂപം നല്‍കുന്ന വ്യക്തിയുടെ ചിന്തയും കര്‍മ്മവും ദൈവഭയത്തില്‍ അധിഷ്ഠിതമാവണം എന്നതാണ് ഇസ്ലാമിന്‍റെ ആദ്യശാസന. നډയുടെ നിറവില്‍ ജീവിക്കുന്ന കുടുംബങ്ങളാണ് നല്ല സമൂഹത്തിന് പിറവി നല്‍കുന്നത്. ഹുസൈന്‍ കോയ വിശദീകരിച്ചു.

ദമ്പതികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹത്തിന്‍റെയും അനുരാഗത്തിന്‍റെയും കരുണയുടെയും വികാരങ്ങളാണ് വിവാഹ ജീവിതത്തിന് ഈടുപകരുന്നതെന്ന് 'നല്ല കുടുംബം' എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഡോ. ജസ്ല സഫറുല്‍ ഹഖ് സൂചിപ്പിച്ചു. അന്തഃസംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കിടയിലും കഴിയേണ്ടിവരുന്ന പുരുഷന് സാന്ത്വനത്തിന്‍റെ വാക്കും ആശ്വാസത്തിന്‍റെ താങ്ങും സ്നേഹത്തിന്‍റെ നോക്കും നല്‍കി ജീവിതം ആസ്വാദ്യമധുരമാക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണെന്ന് ഡോ. ജസ്ല പറഞ്ഞു. വെളിച്ചം പരീക്ഷയില്‍ വിജയിച്ച ഡോ. ജസ്ലയ്ക്കുള്ള സമ്മാനം ബേബി അബൂബക്കര്‍ സിദ്ധീഖ് നല്‍കി.

റുബീന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സാജിദ അബ്ദുല്‍ മുനീബ് സ്വാഗതവും മാഷിദ മനാഫ് നന്ദിയും പറഞ്ഞു. സിയാന ശുഐബ് ഖിറാഅത്ത് നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed