കുവൈത്തിൽ 18 ദശലക്ഷം അടിസ്ഥാനവർഗ വിദേശ തൊഴിലാളികളെന്ന് റിപ്പോർട്ട്
കുവൈത്ത്‌സിറ്റി : രാജ്യത്ത് അടിസ്ഥാന വർഗ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ 18 ലക്ഷത്തോളം അടിസ്ഥാന വർഗ തൊഴിലാളികളാണ് രാജ്യത്തുള്ളത്. 2017−ൽ അവസാന മൂന്നുമാസത്തിൽ 31,894 വിദേശികളുടെ വർദ്ധനയുണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനയാണിത്. രാജ്യത്ത് അടിസ്ഥാനവർഗ തൊഴിലാളികളുടെ തള്ളിക്കയറ്റംമൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ സംവിധാനം പരാജയപ്പെട്ടതായും, 2014−ൽ സ്ഥാപിച്ച ഉന്നതതല സർക്കാർ സമിതിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന് കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും സർക്കാർ ഉന്നതതല വക്താവ് അറിയിച്ചു.
അതേസമയം അടിസ്ഥാനവർഗ തൊഴിലാളികളെ കുറയ്ക്കുന്നതിനുള്ള ഏക പരിഹാര മാർഗം രാജ്യവ്യാപകമായി പരിശോധന നടത്തുകയാണ്. പരിശോധനയിൽ പിടിയിലാകുന്ന അനധികൃത താമസക്കാരെ നാടുകടത്തണം. പുതിയതായി രാജ്യത്ത് പ്രവേശിക്കുന്നവർക്ക് കർശനമായ മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം അനുവദിക്കുകയും വേണം. പ്രത്യേകിച്ചും ശുചീകരണ തൊഴിലാളികളെയും സുരക്ഷാജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നത് നിയന്ത്രണവിധേയമാക്കാനും സർക്കാർ തീരുമാനിച്ചു. വിദേശതൊഴിലാളികളെ പുതിയതായി റിക്രൂട്ട് ചെയ്യുന്നതിനു മുന്പായി അവരുടെ തൊഴിൽ പരിചയവും യോഗ്യതയും ഉറപ്പുവരുത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. വിദേശത്തുനിന്നും തൊഴിൽപരിചയമുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യുന്നതിനാണ് തീരുമാനം.
വിദേശതൊഴിലാളി ജോലിയിൽ പ്രവേശിക്കുന്നതിന് മുന്പായി തൊഴിലാളിയുടെ യോഗ്യത ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംവിധാനം നടപ്പാക്കുമെന്നും പ്ലാനിംങ് വിഭാഗം മേധാവി ഡോ. മുബാറക് അൽ −അസ്മി അറിയിച്ചു. കൂടാതെ 30 വയസ്സിന് താഴെ പ്രായമുള്ള ബിരുദധാരികളെ റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും തീരുമാനം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവാരമുള്ള തൊഴിൽ സംസ്‌കാര പദ്ധതിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദേശ തൊഴിലാളികളുടെ കഴിവുകൾ പരിശോധിക്കുന്നതിന് രാജ്യാന്തരസ്ഥാപനങ്ങളുടെ സഹായവും കുവൈത്തിലെ വിദഗ്ദ്ധ സൊസൈറ്റിയുടെ സഹകരണവും ആവശ്യപ്പെടുമെന്നും അൽ അസ്മി അറിയിച്ചു.

