ലോകത്തെ ഏറ്റവും വലിയ സ്വർണ മോതിരം ഷാർജയിൽ
ഷാർജ : ലോകത്തെ ഏറ്റവും വലിയ സ്വർണ മോതിരം ഷാർജ സഹാറ സെന്ററിൽ പ്രദർശനത്തിന് വെച്ചു. ഏതാണ്ട് 11 മില്യൺ ദിർഹം (190755000 രൂപ) വില വരുന്നതാണ് മോതിരം. 21 കാരറ്റ് സ്വർണത്തിൽ പണിത മോതിരത്തിന് നജ്മത് തോബ (തയിബയുടെ നക്ഷത്രം) എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു മാസം മോതിരം ഇവിടെ പ്രദർശിപ്പിക്കും.
ലോകത്തെ ഏറ്റവും വലിയ സ്വർണമോതിരം ഇതാണെന്ന് ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡും വ്യക്തമാക്കിയിരുന്നു. ഈ ഭീമൻ മോതിരത്തിന് 64 കിലോ ഗ്രാം ആണ് ഭാരം. പതിപ്പിച്ചിരിക്കുന്ന പ്രത്യേകതരം കല്ലുകൾക്കും രത്നങ്ങൾക്കും വജ്രത്തിനും മാത്രം അഞ്ചു കിലോയിൽ അധികം ഭാരമുണ്ട്. 55 ജോലിക്കാർ 45 ദിവസം കൊണ്ട് 450ലേറെ മണിക്കൂർ അധ്വാനിച്ചാണ് അപൂർവ്വ മോതിരം നിർമ്മിച്ചത്. പ്രദർശനം കാണാൻ നിരവധി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

