ഫ്യൂച്ചർ ഐ തിയേറ്ററിന്റെ "ഉഷ്ണമേഖലയിലെ പെൺകുട്ടി" പ്രവാസി അന്തർദേശീയ നാടകോത്സവത്തിലേക്ക്
കുവൈത്ത് സിറ്റി : ലോക കേരള സഭയുടെ ഭാഗമായി സംസ്ഥാന സർക്കാരും, കേരള സംഗീത നാടക അക്കാദമിയും ചേർന്ന് സംയുക്തമായി നടത്തുന്ന പ്രവാസി അന്തർദേശീയ നാടകോത്സവത്തിലേക്കു ഫ്യൂച്ചർ ഐ തിയേറ്ററിന്റെ "ഉഷ്ണമേഖലയിലെ പെൺകുട്ടി" എന്ന നാടകവും തിരഞ്ഞെടുത്തു. കുവൈറ്റിൽ നിന്നും അവതരിപ്പിക്കുന്ന ഏക നാടകവും ഇതാണ്. കേരള സംഗീത നാടക അക്കദമി 2014 ഗൾഫ് പ്രവാസികൾക്കായി നടത്തിയ അമേച്ചർ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ നാടകം ആണ് "ഉഷ്ണമേഖലയിലെ പെൺകുട്ടി". സ്ത്രീയുടെ നിസ്സഹായത, പാർശ്വവല്ക്കരിക്കപെട്ട പെണ്കുട്ടികൾ, സാമ്പത്തിക പരാധീനതകൾ തുടങ്ങിയ വിഷയങ്ങളാണ് "ഉഷ്ണമേഖലയിലെ പെൺകുട്ടി" ചർച്ചചെയ്യുന്നത്.
ഫ്യൂച്ചർ ഐ തീയേറ്റർ വൈസ് പ്രസിഡന്റ് ഷമേജ് കുമാർ കെ കെയാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. 2018 ജനുവരി 1 മുതൽ 10 വരെ ആണ് നാടകോത്സവം. കുവൈറ്റ് കൂടാതെ ബഹ്റൈൻ, ഖത്തർ, ഇന്ത്യയിലെ വിവിധ മേഖലകളായ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്തതുടങ്ങിയ ഇടങ്ങളിലെ സമ്മാനാർഹമായ നടകങ്ങളും ഫെസ്റ്റിവലിൽഅവതരിപ്പിക്കുണ്ട്.
2009 മുതൽ കുവൈറ്റിൽ പ്രവർത്തിക്കുന്ന നാടക സംഘടനയാണ് ഫ്യൂച്ചർ ഐ തിയേറ്റർ. സാമ്പ്രദായിക രീതിയിൽ നിന്നും മാറി അക്കാദമിക തലങ്ങളിലൂടെ നാടകത്തെ സമീപിക്കുന്ന ഒരു രീതി ആണ് ഫ്യൂച്ചർ ഐ തിയേറ്റർ നടത്തിപോരുന്നത്. ബാദൽ സർക്കാരിന്റെ ഹട്ടാമല നാടിനപ്പുറം, സാമുവേൽ ബെക്കറ്റിന്റെ ഗോദോയെ കാത്തു, കാഫ്കയുടെ മെറ്റമോർഫോസിസ്, ദാലിയുടെ പെർസിസ്റ്റൻസ് ഓഫ് മെമ്മറി എന്ന പെയിന്റിങ്ങിനെ അടിസ്ഥാനമാക്കിയുള്ള നാടകം തുടങ്ങി എടുത്ത് പറയാവുന്ന അനവധി നാടകങ്ങൾ ഇതിനോടകം തന്നെ കുവൈറ്റിലെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു തവണ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ ഫ്യൂച്ചർ ഐ നേടി. ഡൽഹിയിൽ നടന്ന മൈക്രോ ഡ്രാമ മത്സരത്തിലും, ബഹ്റൈൻ കേരളീയ സമാജം നടത്തിയ റേഡിയോ നാടക മത്സരത്തിലും ഫ്യൂച്ചർ ഐ തിയേറ്റർ പങ്കെടുത്തിട്ടുണ്ട്.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബ്ലാക്ക് ഗോൾഡ് എന്ന ഒരു നൂതന സങ്കേതത്തിലുള്ള നാടകം കുവൈറ്റിൽ അവതരിപ്പിക്കുകയുണ്ടായി. 2018 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നടക്കുന്ന തീയേറ്റർ ഒളിമ്പിക്സ് ഇന് ബ്ലാക്ക് ഗോൾഡ് എന്ന നാടകം സമർപ്പിച്ചിട്ടുണ്ട്. ഫ്യൂച്ചർ ഐ അവതരിപ്പിച്ച ബ്ലാക്ക് ഗോൾഡ് എന്ന നാടകം ആണ് തിയേറ്റർ ഒളിംപിക്സിന് ആയി ഇന്ത്യൻ എംബസി കുവൈറ്റ് നാമനിർദ്ദേശം നൽകിയത്.

