ഡൽഹിയിൽ ദീപാവലിക്ക് പിന്നാലെ പുകമഞ്ഞ് കനത്തു: വായുമലിനീകരണം 'ഗുരുതര' വിഭാഗത്തിൽ, ഗ്രാപ്പ് മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ശക്തമാക്കി
ശാരിക
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ വായുമലിനീകരണം അതിരൂക്ഷമാകുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി വ്യാപകമായി പടക്കം പൊട്ടിച്ചതോടെ ഡൽഹി പൂർണ്ണമായും കനത്ത പുകയിൽ മൂടി. കർശനമായ നിയന്ത്രണങ്ങളും വിലക്കുകളും നിലനിന്നിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് പലയിടങ്ങളിലും പടക്കങ്ങൾ പൊട്ടിച്ചത്. നിലവിൽ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 400-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിലെ 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 18 ഇടങ്ങളിലും എക്യുഐ 'ഗുരുതര' (Severe) വിഭാഗത്തിലാണ്. ഐഐടി ഡൽഹിയിൽ 443, പഞ്ചാബി ബാഗിൽ 433, നരേലയിൽ 409 എന്നിങ്ങനെയാണ് ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയത്. കന്റോൺമെന്റ് ഏരിയയിൽ 315, ധൗള കുവാനിൽ 318, ആനന്ദ് വിഹാറിൽ 272 എന്നിങ്ങനെയാണ് സൂചിക. നഗരത്തിലുടനീളം കാഴ്ചപരിധി കുറയ്ക്കുന്ന രീതിയിൽ കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്.
വായുമലിനീകരണം ഉയർന്ന സാഹചര്യത്തിൽ ഡൽഹി-എൻസിആർ മേഖലകളിൽ ഗ്രാപ്പ് മൂന്നാം ഘട്ട (GRAP Stage III) നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങളും പൊളിച്ചുമാറ്റലുകളും നിർത്തിവെപ്പിച്ചു. പൊടിശല്യം ഉണ്ടാക്കുന്ന മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും സ്റ്റോൺ ക്രഷറുകളുടെ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തി.
റോഡ് ഗതാഗതത്തിൽ ബിഎസ്-III പെട്രോൾ, ബിഎസ്-IV ഡീസൽ കാറുകളുടെ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ചരക്ക് വാഹനങ്ങളുടെ പ്രവേശനവും തടഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പരമാവധി പൊതുഗതാഗതം പ്രയോജനപ്പെടുത്താനും പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
tdsrt

