റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ് 2026: ബഹ്‌റൈൻ ആഗോള പരിപാടികളുടെ പ്രധാന കേന്ദ്രമെന്ന് കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ് 2026 ഉൾപ്പെടെയുള്ള വൻകിട അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത് ബഹ്‌റൈന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ആഗോള ഇവന്റുകളുടെ പ്രധാന കേന്ദ്രമെന്ന പദവി ഉറപ്പിക്കാൻ സഹായിക്കുമെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. റോയൽ ഗോൾഫ് ക്ലബ്ബിൽ നടന്ന റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ് 2026 ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിനും സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവന വർദ്ധിപ്പിക്കുന്നതിനും ഇത്തരം അന്താരാഷ്ട്ര ഇവന്റുകൾ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഡംബര, അപൂർവ, ക്ലാസിക് കാറുകളുടെ അന്താരാഷ്ട്ര തലത്തിലെ മുൻനിര സംഗമമാണ് റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ് 2026. ക്ലാസിക് വാഹന പാരമ്പര്യത്തെയും ആധുനിക നവീകരണങ്ങളെയും ഒന്നിപ്പിക്കുന്നതാണ് ഈ പ്രദർശനം.

ലോകത്തിലെ ഏറ്റവും അപൂർവവും ആഡംബരപൂർണ്ണവുമായ 70-ഓളം കാറുകൾ മത്സരവിഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഇതുകൂടാതെ റോയൽ ബഹ്‌റൈൻ കോൺകോഴ്‌സ് ക്ലബ്ബിൽ നിന്നുള്ള 100-ലധികം വാഹനങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്ര വാഹന ബ്രാൻഡുകളും കാർ കളക്ടർമാരും ഇവന്റിൽ പങ്കാളികളാകുന്നു. രണ്ട് ദിവസത്തെ പ്രദർശനം ഇന്ന് സമാപിക്കും.

ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

article-image

desdesads

You might also like

  • Lulu Exchange
  • Straight Forward

Most Viewed