ആവേശം വിതറി ബഹ്റൈൻ കോമിക് കോൺ: ആദ്യദിനം ഒഴുകിയെത്തിയത് 18,000-ത്തിലധികം ആളുകൾ
പ്രദീപ് പുറവങ്കര
മനാമ: പോപ്പ് കൾച്ചർ പ്രേമികളുടെയും ആനിമേഷൻ ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് ബഹ്റൈൻ കോമിക് കോൺ (BCC 2026) എട്ടാം പതിപ്പിന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ആവേശകരമായ തുടക്കമായി. ആദ്യദിനത്തിൽ തന്നെ 18,000-ത്തിലധികം ആളുകളാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പരിപാടി കാണാൻ ഒഴുകിയെത്തിയത്.
ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ സംഘടിപ്പിച്ചതെന്നും ആദ്യദിനത്തിലെ വൻ ജനപങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്നും ദല്ല പ്രൊമോഷൻസ് മാനേജിംഗ് ഡയറക്ടർ ഖാലിദ് ബുഖാരി വ്യക്തമാക്കി.
ലോകപ്രശസ്ത താരങ്ങളുടെ സാന്നിധ്യം ഇത്തവണത്തെ കോമിക് കോണിന്റെ പ്രധാന ആകർഷണമാണ്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം ഡാനി ആൽവസ്, ജനപ്രിയ ഗെയിമായ ജി.ടി.എ സാ ആൻഡ്രിയാസിലെ (GTA San Andreas) 'സി.ജെ'ക്ക് (CJ) ശബ്ദം നൽകിയ യംഗ് മെയ്ലെ (Young Maylay), പ്രശസ്ത ഡബ്ല്യു.ഡബ്ല്യു.ഇ (WWE) ഗുസ്തി താരം ഷീമസ് (The Celtic Warrior) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജാപ്പനീസ് വോയ്സ് ആക്ടർ കസുകി യാവോ, ഗുണ്ടം അനിമേറ്റർ ഹിഡെതോഷി ഒമോരി, റിക്ക് ആൻഡ് മോർട്ടി ആർട്ടിസ്റ്റ് ഡേവിഡ് ഡി അഞ്ചലോ എന്നിവരും വിശിഷ്ടാതിഥികളായെത്തി. പ്രശസ്ത കളക്ടബിൾ ബ്രാൻഡായ 'ഫങ്കോ പോപ്പ്' (Funko Pop!) ഈ പരിപാടിയിൽ മാത്രം ലഭ്യമാകുന്ന ഏഴ് പ്രത്യേക എഡിഷൻ ഫിഗറുകൾ പുറത്തിറക്കി. വൺ പീസ് (One Piece), ഹാരി പോട്ടർ, സോണിക് എന്നീ കഥാപാത്രങ്ങളുടെ കളക്ടബിളുകൾക്ക് വലിയ ആവശ്യക്കാരുണ്ടായിരുന്നു.
പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാർ അണിനിരന്ന 'ആർട്ടിസ്റ്റ് ആലി'യിൽ ഒറിജിനൽ പ്രിന്റുകൾ, മാസ്കുകൾ, ലൈവ് സ്കെച്ചുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. മാധ്യമപ്രവർത്തകയും ചിത്രകാരിയുമായ സൈനബ് അൽ മഹ്ദി താൻ വരച്ച പൂച്ച കഥാപാത്രങ്ങളുടെ പ്രത്യേക കളക്ഷനുകളും പ്രദർശനത്തിനെത്തിച്ചിരുന്നു.
പരിപാടിയുടെ ഭാഗമായി നടന്ന ഇ-സ്പോർട്സ് ഫുട്ബോൾ (FC27) ടൂർണമെന്റിൽ ബഹ്റൈനിലെ മികച്ച 16 ഗെയിമർമാർ മാറ്റുരച്ചു. മത്സരത്തിൽ വിജയിയായ ഹസൻ ഘദീരി മയാമിയിൽ നടക്കുന്ന റെഡ് ബുൾ വിങ്സ് കപ്പ് വേൾഡ് ഫൈനലിലേക്ക് യോഗ്യത നേടി. വിവിധ ഇ- ഗെയിമിംഗ് മത്സരങ്ങളോടെ കോമിക് കോൺ ഇന്ന് സമാപിക്കും.
#BahrainComicCon #BahrainNews #BCC2026 #4pmnews
efsfvdsdsdsfds

