തൊഴിലിടങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം 2.28% മാത്രം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബഹ്‌റൈൻ സർക്കാർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾ തൊഴിലുടമകളെ വഞ്ചിച്ച് ഒളിച്ചോടുന്ന സംഭവങ്ങൾ ആകെ തൊഴിലാളികളുടെ 2.28 ശതമാനം മാത്രമാണെന്നും ഇത് വ്യാപകമായ ഒരു പ്രതിഭാസമല്ലെന്നും വ്യക്തമാക്കി ബഹ്‌റൈൻ സർക്കാർ. രാജ്യത്തെ വിദേശ-ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം തടയാൻ അടിയന്തര നടപടികൾ വേണമെന്ന പാർലമെന്റ് നിർദേശത്തിന് മറുപടിയായാണ് പാർലമെന്റ്-ശൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുഐനൈൻ ഈ കണക്കുകൾ വ്യക്തമാക്കിയത്. വരാനിരിക്കുന്ന ചൊവ്വാഴ്ചയിലെ പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ മറുപടി ചർച്ച ചെയ്യും. നിയമവിരുദ്ധമായി ജോലി ഉപേക്ഷിക്കുന്നത് തടയാനും തൊഴിലുടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനും നിലവിലുള്ള നിയമപരവും ഭരണപരവുമായ നിയന്ത്രണങ്ങൾ ശക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു വിദേശ തൊഴിലാളി ജോലി ഉപേക്ഷിച്ചാൽ തൊഴിലുടമ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (LMRA) വിവരമറിയിക്കണം. 30 ദിവസത്തിനകം പരാതി അന്വേഷിച്ച് ഉറപ്പുവരുത്തുന്നതോടെ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കുകയും ലംഘകരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുന്ന ഇവർക്ക് പിന്നീട് ബഹ്‌റൈനിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കില്ല. ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ പെർമിറ്റ് റദ്ദാക്കൽ കൂടുതൽ വേഗത്തിലാണ് നടക്കുന്നത്. പരാതി ലഭിച്ച് 5 ദിവസത്തിനകം എൽ.എം.ആർ.എ നടപടികൾ ആരംഭിക്കും. കൂടാതെ, അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളും അവർക്ക് ജോലി നൽകുന്നവരും ഒരുപോലെ നിയമനടപടികൾ നേരിടേണ്ടി വരും.

വ്യാജ ഇടനിലക്കാരെ ഒഴിവാക്കാൻ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളുടെ വിവരങ്ങൾ എൽ.എം.ആർ.എ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രൊബേഷൻ കാലയളവിൽ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ പകരം ആളെയോ നഷ്ടപരിഹാരമോ നൽകാൻ ഏജൻസികൾ തയ്യാറാകാത്ത പക്ഷം പരാതി നൽകാൻ പ്രത്യേക ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷയും ഇതിനായി നിലവിലുണ്ട്.

അതേസമയം ബഹ്‌റൈനികൾ 70 ശതമാനത്തിലധികം ജോലി ചെയ്യുന്ന തസ്തികകളിൽ വിദേശികളുടെ വർക്ക് പെർമിറ്റ് ഫീസ് കൂട്ടണമെന്ന നിർദേശത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. സാമ്പത്തിക-സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് തൊഴിൽ മേഖലകളിലെ ആവശ്യകതകളിൽ വ്യത്യാസം വരാമെന്ന് മന്ത്രി വ്യക്തമാക്കി. വിദേശ നിക്ഷേപകർക്ക് വാണിജ്യ രജിസ്ട്രേഷൻ (CR) നൽകുന്നതിന് നിലവിൽ തന്നെ ശക്തമായ നിയമങ്ങളുണ്ടെന്നും ഇതിൽ പുതിയ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030-ന് അനുസൃതമായി ഈ നിയമങ്ങൾ സമയാസമയങ്ങളിൽ അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

#BahrainNews #LMRA #BahrainParliament #4pmnews

article-image

ADWSDSDSDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed