യുഎഇയിലെ ഡെലിവറി റൈഡർമാർക്ക് കടുത്ത നിയന്ത്രണങ്ങൾ: ബാക്ക്പാക്കുകൾക്ക് വിലക്ക്, നിർബന്ധിത യൂണിഫോം നിയമങ്ങൾ നിലവിൽ വരുന്നു
ഷീബ വിജയൻ
ദുബൈ: യുഎഇയിലെ ഡെലിവറി റൈഡർമാർക്കായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. സാധനങ്ങൾ കൊണ്ടുപോകാൻ ബാക്ക്പാക്കുകൾ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കും. പ്രൊഫഷണൽ ഡ്രൈവർമാർക്കും ഡെലിവറി വാഹന ഓപ്പറേറ്റർമാർക്കുമായി പ്രധാനപ്പെട്ട എട്ട് നിബന്ധനകളാണ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്. 2027 ജനുവരി 1 മുതലാണ് പുതിയ ഫെഡറൽ ഗതാഗത ചട്ടങ്ങൾ പ്രാബല്യത്തിൽ വരിക.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട 2024-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 14-ന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്. റൈഡർമാർ സാധനങ്ങൾ കൊണ്ടുപോകാൻ സർക്കാരിന്റെ അംഗീകൃത ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഡെലിവറി സേവനത്തിനായി ലൈസൻസ് നേടിയ മോട്ടോർ സൈക്കിളുകളിൽ യാത്രക്കാരെ പിന്നിലിരുത്തി യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
റൈഡർമാർ സാധനങ്ങൾ കൊണ്ടുപോകാൻ ബാക്ക്പാക്കുകൾ ഉപയോഗിക്കരുത്. പകരം, അംഗീകൃത ലോഡിങ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. ഡെലിവറി സേവനത്തിനായി ലൈസൻസ് നേടിയ മോട്ടോർ സൈക്കിളുകളിൽ സാധനങ്ങൾ എത്തിക്കുമ്പോൾ ഡ്രൈവർമാർ പിന്നിൽ യാത്രക്കാരെ ഇരുത്താൻ പാടില്ല.
വാഹനം ഓടിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ചതും വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളതുമായ സിസ്റ്റത്തിൽ ഡ്രൈവർമാർ ലോഗ് ഇൻ ചെയ്യുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം. ഡെലിവറി ഡ്രൈവർമാർ നിശ്ചിത യൂണിഫോം ധരിക്കുകയും മാന്യമായ വേഷവിധാനം പാലിക്കുകയും വേണം.
ഡ്രൈവർമാർ അവരുടെ പ്രൊഫഷണൽ ഡ്രൈവിംഗ് പെർമിറ്റുകൾ കൈവശം വെക്കുകയും അധികാരികൾ ആവശ്യപ്പെടുമ്പോൾ കാണിച്ചുകൊടുക്കുകയും വേണം. നിയമവിരുദ്ധമായതോ നിരോധിക്കപ്പെട്ടതോ ആയ വസ്തുക്കളോ പൊതുക്രമത്തിന് വിരുദ്ധമായ സാധനങ്ങളോ കൊണ്ടുപോകാൻ പാടില്ല. സാധുവായ പ്രൊഫഷണൽ പെർമിറ്റ് ഇല്ലാതെയോ കാലാവധി കഴിഞ്ഞ ശേഷമോ ജോലികൾ ചെയ്യാൻ പാടില്ല. ലൈസൻസിങ് അല്ലെങ്കിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് അതോറിറ്റി ഏർപ്പെടുത്തുന്ന മറ്റ് നിബന്ധനകളും ഡ്രൈവർമാർ പാലിക്കേണ്ടതുണ്ട്.
മോട്ടോർ സൈക്കിൾ റൈഡർമാർക്കുള്ള മറ്റു നിയമങ്ങളും കടുപ്പിച്ചിട്ടുണ്ട്. ഹാൻഡ്ൽ ബാറുകളിൽ കൈ വെക്കാതെയോ ഒരു കൈ മാത്രം വെച്ചുകൊണ്ടോ വാഹനം ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു (കൈകൊണ്ട് സിഗ്നൽ നൽകുന്ന സന്ദർഭങ്ങൾ ഒഴികെ). റോഡിലൂടെ അശ്രദ്ധമായി വെട്ടിത്തിരിച്ചോടിക്കുന്നതോ അപകടകരമായ വേഗതയിൽ സഞ്ചരിക്കുന്നതോ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നതോ അനുവദിക്കില്ല.
മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ നിർബന്ധമായും സുരക്ഷാ ഹെൽമെറ്റ് ധരിക്കണം. പ്രത്യേക സാഹചര്യങ്ങളിലൊഴികെ മറ്റൊരാളുടെ പിന്നിലായി ഒന്നിനുപുറകെ ഒന്നായി വേണം സഞ്ചരിക്കാൻ. മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ മോട്ടോർ സൈക്കിൾ വലിച്ചുകൊണ്ടുപോകുന്നതും യാത്രക്കാരെ കൊണ്ടുപോകുന്നതും നിരോധിച്ചിരിക്കുന്നു (മോട്ടോർ സൈക്കിളിൽ അതിനുള്ള സൗകര്യം ഉണ്ടെങ്കിൽ മാത്രം യാത്രക്കാരെ കൊണ്ടുപോകാം).
qaASADSADS

