കല കുവൈറ്റ് "നിറം 2017" സമ്മാനദാനം ശ്രീ മാത്യു വർഗീസ് ഉത്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി നവംബർ 10-നു "നിറം 2017" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഡിസംബർ 22-നു വെള്ളിയാഴ്ച അൽ-ജവഹർ അൽ-സലാഹ് ഗേൾസ് സ്കൂൾ, റിഗ്ഗായിൽ വെച്ച് ഉച്ചക്കുശേഷം 12:30ന് ആരംഭിച്ച ചടങ്ങു ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ശ്രീ മാത്യു വർഗീസ് ഉത്ഘാടനം ചെയ്തു. കല(ആർട്ട്) കുവൈറ്റ് പ്രസിഡണ്ട് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ് റിപ്പോർട് അവതരിപ്പിച്ചു. കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 13 വർഷമായി കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഈ ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ട് ജി സി സി യിലെ തന്നെ വലിയ പ്രോഗ്രാം ആക്കാൻ കഴിഞ്ഞതിൽ കല കുവൈറ്റിന് അഭിമാനിക്കാം എന്ന് ശ്രീ മാത്യു വർഗീസ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓവറോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാ ഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, മൂന്നാം സ്ഥാനം ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി. ഹരിദത്തൻ മധുസൂദനൻ, ജോവിന ആൻ മാത്യൂസ്, ആസിം മുഹമ്മദ് ബഷീർ, സാന്ദ്ര ദിനേശ്കുമാർ, അനൂഷ്ക പിള്ളൈ, ഡോ. ഗീത രവീന്ദ്രൻ എന്നിവർ ഒന്നാം സമ്മാനം നേടി.
ഒന്നും രണ്ടും മൂന്നും സമ്മാനാര്ഹര്ക്കു മെഡലും മോമെന്റോയും സർട്ടിഫിക്കറ്റും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും, ബദർ അൽ സമാ നൽകിയ പ്രിവിലേജ് മെഡിക്കൽ കാർഡും കൂടാതെ ഒന്നാം സമ്മാനാർഹർക്ക് മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണ്ണനാണയവും ഗ്രാൻഡ് ഹൈപ്പർ നൽകിയ ഗിഫ്റ്റും ഉണ്ടായിരുന്നു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 5 ഗ്രൂപ്പ്പുകളിലായി 2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5-ഒന്നാം സമ്മാനവും 8- രണ്ടാം സമ്മാനവും 10- മൂന്നാം സമ്മാനവും കൂടാതെ 60 പേർക്ക് മെറിറ്റ് പ്രൈസും 191 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

